എൻ.കെ. അബ്ദുൾ ജബ്ബാർ
തൊണ്ടര്‍നാട് (വയനാട്):ടിപ്പര്‍ലോറിയുടെ കാരിയര്‍ 11 കെ.വി. വൈദ്യുതക്കമ്പിയില്‍ത്തട്ടി ഷോക്കേറ്റ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ എന്‍.കെ. അബ്ദുള്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. മാവൂര്‍ പഞ്ചായത്ത് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സെക്രട്ടറിയും വാര്‍ഡ് യു.ഡി.എഫ്. ചെയര്‍മാനുമാണ്.
വ്യാഴാഴ്ച രാവിലെ പത്തോടെ വാളാംതോടിലായിരുന്നു ദാരുണസംഭവം. വാളാംതോടിലുള്ള ക്രസ്റ്റോണ് ക്രഷറില്‍നിന്ന് കല്ലുകൊണ്ടുപോകാനാണ് ജബ്ബാര്‍ രണ്ടുദിവസംമുമ്പ് ഇവിടെയെത്തിയത്. കുറ്റ്യാടി-നിരവില്‍പ്പുഴ പ്രധാന റോഡില്‍നിന്ന് 40 മീറ്റര്‍ മാറിയാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. ക്രഷറില്‍നിന്ന് അല്പം മാറി നിര്‍ത്തിയിട്ട ലോറിയുടെ കാരിയറില്‍ മഴ പെയ്തതിനാല്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ഇത് നീക്കാന്‍ കാരിയര്‍ ഉയര്‍ത്തിയ ശേഷം ജബ്ബാര്‍ വാഹനത്തില്‍നിന്നിറങ്ങി. കാരിയര്‍ താഴ്ത്താനായി തിരികെ വാഹനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൈയ്ക്കും കാലിനും പൊള്ളലേറ്റ നിലയിലായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ജബ്ബാറിന്റെ തല ഡീസല്‍ ടാങ്കിനുസമീപം ഇടിച്ച് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുറ്റിക്കടവ് നാലുകണ്ടത്തില്‍ വീട്ടില്‍ പരേതനായ എന്‍.കെ. ഹുസൈനിന്റെയും സൈനബയുടെയും മകനാണ് അബ്ദുള്‍ ജബ്ബാര്‍. ഭാര്യ: ഫാസില. മക്കള്‍: ജെല്‍വ, നസ്വ, സയാന്. സഹോദരങ്ങള്‍: സുലൈഖ, സല്‍മത്ത്, സുബൈര്‍, ഷബീര്‍. തൊണ്ടര്‍നാട് എസ്.ഐ. എന്‍. അജീഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാവൂര്‍ കുറ്റിക്കടവ് വലിയ ജുമാ അത്ത് പള്ളിയില്‍ കബറടക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..