ബാബുവിനെ മലമുകളിലെത്തിക്കുന്ന സെെന്യം | ചിത്രം: Screengrab - twitter.com|IaSouthern
പാലക്കാട്: ചെങ്കുത്തായ മലയിടുക്കിലെ പാറക്കെട്ടിൽ മലമ്പുഴ ചെറാട് സ്വദേശി ആർ. ബാബുവിനെ രണ്ട് ദിവസങ്ങൾക്ക് ശേഷം ദൗത്യസംഘം നടത്തിയ അതിസാഹസികമായ ദൗത്യത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. കയറുകെട്ടിയാണ് ദൗത്യസംഘത്തിലെ സെെനികൻ ബാബുവിന് അടുത്തെത്തിയത്. ശേഷം റോപ്പ് ഉപയോഗിച്ച് സെെനികൻ ബാബുവിനെ മുകളിലേക്ക് ഉയർത്തി മലമുകളില്‍ എത്തിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി പതിനൊന്നേകാലോടെയാണ് മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൂലൂരിൽനിന്നും ബെംഗളൂരുവിൽനിന്നുമുള്ള കരസേനാംഗങ്ങളെത്തിയത്. ലഫ്.കേണൽ ഹേമന്ദ്‌രാജിന്റെ നേതൃത്വത്തിൽ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരിൽനിന്നെത്തിയത്. തുടർന്ന്, കളക്ടർ മൃൺമയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥുമായും ചർച്ച നടത്തിയശേഷം നാട്ടുകാരിൽ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങൾ മലകയറി. ശേഷം കേരളം കണ്ട ഏറ്റവും സാഹസികമായ രക്ഷാദൗത്യത്തിലൂടെയാണ് സെെന്യം ബാബുവിനെ രക്ഷിച്ചത്.
ബാബു അപകടത്തില്‍പ്പെട്ടതിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും നാള്‍വഴി ഇങ്ങനെ:
തിങ്കളാഴ്ച
വൈകീട്ട് 3.00: ബാബുവും രണ്ടു കൂട്ടുകാരും മലമ്പുഴ ചെറാട് എലിച്ചിരം മലയോടുചേര്‍ന്നുള്ള കൂര്‍മ്പാച്ചിമല കയറുന്നു
3.30- ഒപ്പമുണ്ടായിരുന്നവര്‍ താഴെയിറങ്ങി, ബാബു മലകയറ്റം തുടരുന്നു
4.00- അപകടത്തില്‍പ്പെട്ട വിവരം ബാബു സ്വന്തം ഫോണില്‍നിന്ന് വീട്ടുകാരെ വിളിച്ചറിയിക്കുന്നു. അഗ്‌നിരക്ഷാസേനയെയും വിവരമറിയിക്കുന്നു
5.00- അഗ്‌നിരക്ഷാസേനയും നാട്ടുകാരും മലമുകളിലേക്ക് കയറുന്നു
7.00- ഇടയ്ക്കുവെച്ച് രക്ഷാദൗത്യസംഘം ബാബുവിന്റെ ശബ്ദംകേട്ടെങ്കിലും ഇരുട്ടുപരന്നതിനാല്‍ കൃത്യമായി സ്ഥലം മനസ്സിലാക്കാനായില്ല
7.30- ബാബുവിന്റെ ഫോണില്‍നിന്നുള്ള സന്ദേശം നിലയ്ക്കുന്നു. അതുവരെ സെല്‍ഫിയും സ്ഥലചിത്രങ്ങളും ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.
10.00- ഭക്ഷണവുമായി പ്രദേശവാസികളടങ്ങിയ ഒരുസംഘം മലമുകളിലേക്ക് തിരിച്ചെങ്കിലും ഇവര്‍ക്കും ബാബുവിനടുത്ത് എത്താനായില്ല. രക്ഷാപ്രവര്‍ത്തനത്തിനുപോയ സംഘത്തിലുള്ളവരെല്ലാം മലയുടെ ഒരുഭാഗത്ത് കഴിച്ചുകൂട്ടുകയായിരുന്നു.
ചൊവ്വാഴ്ച
രാവിലെ 9.00: സംഘത്തിലുള്ളവര്‍ തിരിച്ചിറങ്ങി.
മലയടിവാരത്തില്‍ കളക്ടര്‍ മൃണ്‍മയി ജോഷിയുടെയും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെയും ഫയര്‍ഫോഴ്‌സ് അധികൃതരുടെയും നേതൃത്വത്തില്‍ ചര്‍ച്ച.
ഉച്ചയ്ക്ക് 12.00- കളക്ടറുടെ നിര്‍ദേശപ്രകാരം ദേശീയ ദുരന്തനിവാരണസേന സ്ഥലത്തെത്തി. രണ്ടുസംഘമായാണ് ഇവര്‍ മലകയറിയത്. മുകളിലെത്തിയെങ്കിലും ഭക്ഷണമെത്തിക്കാനോ ബാബുവിനടുത്തെത്താനോ സാധിച്ചില്ല
വൈകീട്ട് 3.00-കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ സ്ഥലത്തെത്തി. ബാബു കുടുങ്ങിയതിന് മുകളിലായി എത്താനായെങ്കിലും ഹെലികോപ്റ്ററിന് നിലയുറപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ തിരിച്ചുപോയി. ശക്തമായ കാറ്റും പ്രതിസന്ധി സൃഷ്ടിച്ചു. ഹെലികോപ്റ്റര്‍ കണ്ട ബാബു സ്വന്തം ഷര്‍ട്ടൂരി വീശിക്കാണിച്ചതായുള്ള സന്ദേശം വരുന്നു.
5.00- ചെറുഡ്രോണില്‍ ഇളനീര്‍വെള്ളം എത്തിക്കാനുള്ള ശ്രമം. ഭാരം താങ്ങാനാവാതെ ഡ്രോണ്‍ താഴേക്കുവീണു.
7.00- രക്ഷാപ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍. കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയെന്ന സന്ദേശം സാമൂഹികമാധ്യമങ്ങള്‍വഴി പങ്കുവെക്കുന്നു
10.00- ദേശീയ ദുരന്തനിവാരണസേനയുമായി കളക്ടറും ജില്ലാ പോലീസ് മേധാവിയും മറ്റു ഉദ്യോഗസ്ഥരും വീണ്ടും ചര്‍ച്ച നടത്തുന്നു
11.15- കോയമ്പത്തൂരിനടുത്ത് സൂലൂരില്‍നിന്ന് ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ കരസേനാസംഘം സ്ഥലത്തെത്തുന്നു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കരസേനയുടെകീഴിലുള്ള എന്‍.ഡി.ആര്‍.എഫ്. (നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ്) താത്കാലിക വാര്‍ത്താവിനിമയസംവിധാനം ഒരുക്കി.
ബുധനാഴ്ച
പുലർച്ചെ 1.30: കരസേനാസംഘം രക്ഷാഉപകരണങ്ങളുമായി മലമുകളിലേക്ക്.
6:30: കരസേനയും എൻഡിആർഎഫും അടങ്ങുന്ന ടീം രണ്ട് സംഘങ്ങളായി മലയുടെ മുകളിൽക്കൂടിയും താഴെക്കൂടിയും ബാബു ഇരിക്കുന്നിടത്തേക്ക് എത്താനുള്ള ശ്രമം തുടരുന്നു.
9.10: കരസേനാ സംഘത്തിലെ ഒരു അംഗം റോപ്പിലൂടെ (Rappeling defence) ബാബു ഇരിക്കുന്ന ഉയരത്തിലേക്ക് സമാന്തരമായി എത്തി
9.20: കരസേനാ അംഗം ബാബുവിന്റെയടുത്ത് എത്തി വെള്ളം കൊടുത്തു
9.30: ബാബുവിന്റെ അടുത്ത് എത്തിയ സൈനികൻ, ബാബുവിന് വെള്ളവും മരുന്നും നല്കിയ ശേഷം, ബാബുവുമായി സെെനികൻ മുകളിലേക്ക്
10.20: ബാബുവിനെ സെെന്യം വിജയകരമായി മലയുടെ മുകളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
Content Highlights: timeline of events of accident and rescue operations at malampuzha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..