കൊച്ചി: പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച തീരും. ഫ്‌ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും ഇന്ന് വൈകുന്നേരത്തോടെ വിച്ഛേദിക്കും. എന്നാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടിലാണ് താമസക്കാര്‍. 

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ മാര്‍ഗരേഖ അനുസരിച്ച് മൂന്നാം തീയതി ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാം എന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ഇന്നു വൈകുന്നേരത്തോടെ ഫ്‌ളാറ്റ് ഒഴിയണമെന്നുമാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇപ്പോള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളുടെ സമാനമായ സൗകര്യങ്ങളോടുകൂടിയ താമസസൗകര്യം ഒരുക്കി നല്‍കണമെന്ന ആവശ്യമാണ് ഫ്‌ളാറ്റുടമകള്‍ ഉന്നയിക്കുന്നത്. എന്നാല്‍ വാടകയ്ക്ക് ലഭ്യമാകുന്ന താമസസൗകര്യങ്ങള്‍ സംബന്ധിച്ച പട്ടിക ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കുക മാത്രമാണ് ചെയ്യാനാവുകയെന്നും പുനരധിവാസം പ്രായോഗികമായി സാധ്യമല്ലെന്നുമുള്ള നിലപാടാണ് ജില്ലാ ഭരണകൂടത്തിന്റേത്. താസസൗകര്യം ഫ്‌ളാറ്റുടമകള്‍ത്തന്നെ കണ്ടെത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. 

ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും മരട് നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും ബുധനാഴ്ച വൈകീട്ട് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ., ആല്‍ഫ സെറിന്‍ ഫ്ളാറ്റുകളിലെത്തി താമസക്കാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഒഴിയാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്ന നിലപടാണ് ഫ്‌ളാറ്റുടമകള്‍ എടുത്തത്. ഒഴിഞ്ഞുപോകുന്നവര്‍ക്കായി താമസ സൗകര്യം ഒരുക്കണമെന്നും 15 ദിവസം കൂടി വൈദ്യുതിയും വെള്ളവും നിഷേധിക്കരുതെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ഒഴിയുന്നവര്‍ക്ക് താമസത്തിനായി സൗകര്യം ഒരുക്കാം എന്നു പറഞ്ഞ സര്‍ക്കാര്‍ അതിനായി ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്. കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീടോ ഫ്‌ളാറ്റോ സ്വന്തമായി കണ്ടെത്തി മാറുക വിഷമമാണ്. മരടിലൊന്നും ഫ്‌ളാറ്റോ വീടോ വാടകയ്ക്ക് കിട്ടാനില്ല. അതിനാലാണ് 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ പറയുന്നു.

Content Highlights: time to vacate maradu flats ends today