കൂടു സ്ഥാപിച്ചിട്ട് മൂന്നുദിവസം, കുടുങ്ങാതെ കടുവ; ആശങ്കയില്‍ ചീരാല്‍, ഹര്‍ത്താല്‍  


കൃഷ്ണഗിരിയിൽ കടുവയിറങ്ങിയതറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ജനങ്ങൾ.

സുല്‍ത്താന്‍ബത്തേരി: കൂടുകള്‍ സ്ഥാപിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും കെണിയില്‍ വീഴാത്ത കടുവയെ പിടികൂടാനുള്ള നടപടികള്‍ വനംവകുപ്പ് ഊര്‍ജിതമാക്കുന്നു. പാലക്കാട് സി.സി.എഫ്. പി. മുഹമ്മദ് ഷബാബ് അടക്കമുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി, തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്തു.

ചീരാല്‍ മുണ്ടക്കൊല്ലിയിലും പരിസരഗ്രാമങ്ങളിലും മൂന്നുദിവസം തുടര്‍ച്ചയായി ജനവാസകേന്ദ്രങ്ങളിലിറങ്ങി പശുക്കളെ കൊന്ന കടുവ ഞായറാഴ്ച രാത്രിയിറങ്ങാതിരുന്നത് വനപാലകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസമായി.തിങ്കളാഴ്ച രാവിലെ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്തു. ജനകീയസമിതി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, വനം, പോലീസ്, മൃഗസംരക്ഷണം, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കാമെന്നും മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. രാത്രിയാണ് കടുവ നാട്ടിലേക്കിറങ്ങുന്നതെന്നും പകല്‍ കാട്ടിനകത്താണെന്നും ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. രാത്രിയില്‍ കടുവയെ മയക്കുവെടിവെക്കാനാവില്ല. പകല്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങുമ്പോഴേ മയക്കുവെടിവെച്ച് പിടികൂടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കടുവ ആദ്യം നാട്ടിലിറങ്ങി പശുവിനെ കൊന്ന സമയത്തുതന്നെ വനംവകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ സാഹചര്യമുണ്ടാവില്ലായിരുന്നുവെന്ന് ജനകീയസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി. രണ്ടാഴ്ചയായി ഭീതിയില്‍ക്കഴിയുന്ന ചീരാലിലേക്ക് കളക്ടറടക്കമുള്ള റവന്യൂ അധികാരികള്‍ തിരിഞ്ഞുനോക്കിയില്ലെന്നും നേതാക്കള്‍ വിമര്‍ശിച്ചു.

കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും കടുവയുടെ സാന്നിധ്യമുള്ള മേഖലകളിലൂടെ രാത്രി യാത്രചെയ്യുന്നവരുടെ സുരക്ഷയ്ക്കായി വനം, പോലീസ്, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനാസംഘങ്ങളെ നിയമിക്കാനും യോഗം തീരുമാനിച്ചു. സി.സി.എഫ്. പി. മുഹമ്മദ് ഷബാബ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ഡി.എഫ്.ഒ. എ. ഷജ്ന, നെന്മേനി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ജനപ്രതിനിധികളായ അമല്‍ജോയി, പ്രസന്ന ശശീന്ദ്രന്‍, കെ.വി. ശശി, വി.ടി. ബേബി, വി.എ. അഫ്സല്‍, കെ.വി. കൃഷ്ണന്‍കുട്ടി, എം.എം. അജയന്‍, സി. ശിവശങ്കരന്‍, തഹസില്‍ദാര്‍ വി.കെ. ഷാജി, ജനകീയസമിതി ചെയര്‍മാന്‍ കെ.ആര്‍. സാജന്‍, കണ്‍വീനര്‍ എം.എ. സുരേഷ്, ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ. ജയരാജ്, നൂല്‍പ്പുഴ സി.ഐ. ടി.സി. മുരുകന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

നഷ്ടപരിഹാരം: ഉത്തരവുകളില്‍ വൈരുധ്യം

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും പരിക്കേറ്റതുമായ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നതിലെ സാങ്കേതികപ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കൊല്ലപ്പെട്ട പശുക്കള്‍ക്ക് ഒരുലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കാമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പശുക്കള്‍ക്ക് ചെറിയ തുകമാത്രമാണ് വിലകണക്കാക്കി ശുപാര്‍ശ ചെയ്യുന്നതെന്നായിരുന്നു പരാതി. നിലവിലെ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ കറവയുള്ള ഒരു പശുവിന് പരമാവധി 60,000 രൂപവരെയും, ചെനയില്ലാത്ത പശുക്കള്‍ക്ക് 25,000 രൂപവരെയും മാത്രമേ വിലകണക്കാക്കാന്‍ അനുമതിയുള്ളൂവെന്ന് മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, വനംവകുപ്പിന്റെ ഉത്തരവുപ്രകാരം ഒരു ലക്ഷംവരെ നഷ്ടപരിഹാരം നല്‍കാനാകുമെന്ന് വനംവകുപ്പ് അധികൃതരും യോഗത്തെ അറിയിച്ചു.

നല്ലയിനം പശുക്കള്‍ക്ക് ഒരുലക്ഷത്തിനുമുകളില്‍ വിലയുണ്ടെന്നും മൃഗസംരക്ഷണവകുപ്പിന്റെ വിലകണക്കാക്കുന്ന മാനദണ്ഡങ്ങള്‍ ശരിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കന്നുകാലികളുടെ വിലയും കര്‍ഷകന് ഭാവിയില്‍ ലഭിക്കേണ്ടുന്ന വരുമാനവും കണക്കാക്കി, നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതികൊണ്ടുവരുന്നതിനായി സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനാവശ്യമായ ഇടപെടലുകള്‍ നടത്താമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.യും ഉറപ്പുനല്‍കി. മുണ്ടക്കൊല്ലിയില്‍ കൊല്ലപ്പെട്ട കന്നുകാലികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരത്തുക ശുപാര്‍ശ ചെയ്യാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചീരാലില്‍ ഇന്ന് ഹര്‍ത്താല്‍

കടുവയെ എത്രയുംവേഗം പിടികൂടി ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ചീരാല്‍ വില്ലേജില്‍ ജനകീയസമിതി ഹര്‍ത്താലിന് ആഹ്വാനംചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകളെയും സ്‌കൂളുകളെയും ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചീരാലില്‍നിന്ന് രാവിലെ ഒമ്പതിന് പഴൂരിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ഇത് ആദ്യഘട്ട സമരമാണെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സത്യാഗ്രഹമടക്കമുള്ള ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.ആര്‍. സാജന്‍, കണ്‍വീനര്‍ എം.എ. സുരേഷ്, കെ.വി. ശശി, സി. ഗോപാലകൃഷ്ണന്‍, വി.ടി. ബേബി, വി.എ. അഫ്സല്‍, കെ.വി. കൃഷ്ണന്‍കുട്ടി, സി. ശിവശങ്കരന്‍, എം.എം. അജയന്‍, എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


പുല്‍പ്പള്ളിയിലും കടുവയിറങ്ങി

പുല്‍പ്പള്ളി: ചീയമ്പം ചെട്ടിപാമ്പ്രയ്ക്കുസമീപം കടുവയിറങ്ങി. പള്ളിപ്പടിയുള്ള സ്വകാര്യവ്യക്തിയുടെ തോട്ടത്തിനുസമീപമാണ് തിങ്കളാഴ്ച കടുവയിറങ്ങിയത്. വൈകീട്ട് ആറുമണിയോടെ ഇതുവഴി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചവരാണ് കടുവയെ കണ്ടത്. തോട്ടത്തില്‍നിന്നിറങ്ങിയ കടുവ ഓട്ടോറിക്ഷയ്ക്കു മുമ്പിലൂടെ മറുവശത്തുള്ള കാട്ടിലേക്കു പോയി. ഓട്ടോറിക്ഷാഡ്രൈവറായ ചീയമ്പം സ്വദേശി അന്‍സാറാണ് കടുവയെ ആദ്യംകണ്ടത്. ദിവസങ്ങളായി ഈ ഭാഗത്ത് ചെറുതും വലുതുമായ കടുവകളെ കാണുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

കൃഷ്ണഗിരിയില്‍ കടുവ മൂന്ന് ആടുകളെ കൊന്നു

മീനങ്ങാടി: ഗ്രാമപ്പഞ്ചായത്തില്‍ വീണ്ടും കടുവയുടെ ആക്രമണം. കൃഷ്ണഗിരി വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലെ മൂന്ന് ആടുകളെ കൊന്നു. ചീരക്കുഴി അസീസിന്റെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ കടുവ കൊന്നത്. സംഭവമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ റാട്ടക്കുണ്ട് ഭാഗത്തേക്ക് റോഡുമുറിച്ചുകടന്ന കടുവയെക്കണ്ടതോടെ ജനം ഭീതിയിലായി. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ വനംവകുപ്പ് പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.

മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡിലെ വില്ലേജ് ഓഫീസ് പരിസരം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആടുകള്‍ കരയുന്ന ശബ്ദംകേട്ടാണ് അസീസ് പുറത്തിറങ്ങിയത്. കൂടു തുറന്നുനോക്കിയപ്പോള്‍ മൂന്ന് ആടുകളില്‍ രണ്ടെണ്ണം കടിയേറ്റ് ചത്തനിലയിലായിരുന്നു. മൂന്നും നാലും വയസ്സ് പ്രായമുള്ള ആടുകളാണിവ. കൂട്ടില്‍നിന്ന് കാണാതായ മറ്റൊരു ആടിന്റെ ജഡം പാതിതിന്നനിലയില്‍ 100 മീറ്റര്‍ അകലെ കണ്ടെത്തി. രാവിലെ ഒമ്പതരയോടെ വനപാലകര്‍ സ്ഥലത്തെത്തി പ്രദേശവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ കടുവ കൃഷ്ണഗിരി-റാട്ടക്കുണ്ട് റോഡ് മുറിച്ചുകടന്നു. സമീപത്തെ സ്വകാര്യ എസ്റ്റേറ്റിലേക്ക് നടന്നുനീങ്ങിയ കടുവയെ പിന്നീട് കണ്ടെത്താനായില്ല. കടുവയെ നേരില്‍ക്കണ്ട വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഭീതിയിലാണ്.

വലിയ വിസ്തൃതിയിലുള്ള എസ്റ്റേറ്റില്‍ കടുവയുളള സാഹചര്യത്തില്‍ വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. രാത്രിയില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെ സഹായിക്കാന്‍ വനപാലകരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാന്‍ കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ എന്നിവര്‍ വനപാലകരുമായി സംസാരിച്ചു. എത്രയുംവേഗം കൂടുസ്ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമം തുടങ്ങി. പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കഴിഞ്ഞദിവസം കൊളഗപ്പാറ പ്രദേശത്തും പകല്‍ രണ്ടുകടുവകളെ കണ്ടിരുന്നു. ഇവ നടന്നുനീങ്ങിയ ഭാഗത്താണ് തിങ്കളാഴ്ച ആടുകളെ കൊന്നത്.

Content Highlights: tiger poses threat in cheeral of wayanad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented