ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകി, സ്ഥലമുടമയുടെ പേരില്‍ കേസെടുത്തു; പ്രതിഷേധം


കടുവയുടെ ജഡം പോസ്റ്റ്മോർട്ടത്തിനുമുന്നോടിയായി വനംവകുപ്പ് മേലുദ്യോഗസ്ഥർ പരിശോധിക്കുന്നു

അമ്പലവയല്‍: പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്.

കടുവ ഷെഡ്യൂള്‍ഡ് ഒന്നില്‍പ്പെട്ട ജീവിയാണ്. കര്‍ശന നിയമനടപടി സ്വീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ബുധനാഴ്ച വൈകീട്ടാണ് അന്പുകുത്തി പാടിപറന്പിലെ മുഹമ്മദിന്റെ തോട്ടത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഒന്നരവയസ്സുള്ള കടുവയെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടയിലാണ് ഈ സംഭവമുണ്ടായതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്.

അതേസമയം, തന്റെ പറമ്പില്‍ അതിക്രമിച്ചുകയറി കുരുക്ക് സ്ഥാപിച്ചവരെ എത്രയുംവേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പള്ളിയാലില്‍ മുഹമ്മദ് അമ്പലവയല്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതിനല്‍കി. താന്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസമനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തന്റെ പറമ്പില്‍നിന്ന് കഴിഞ്ഞദിവസം കടുവയെ കഴുത്തില്‍ കുരുക്കുമുറുകി ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തന്റെ ഭൂമിരേഖയുടെ പകര്‍പ്പ് വാങ്ങിക്കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ സ്വകാര്യതോട്ടമുടമയുടെപേരില്‍ കേസെടുത്തതില്‍ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കഴിയുന്ന ആള്‍ക്കെതിരേയാണ് വനംവകുപ്പ് നടപടിയുമായി മുന്നോട്ടുനീങ്ങുന്നതെന്നും ഇത് കര്‍ഷകരോടുള്ള വെല്ലുവിളിയാണന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്ത് മഹസര്‍ തയ്യാറാക്കാനായി വ്യാഴാഴ്ച വൈകീട്ടോടെ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധത്തെത്തുടര്‍ന്ന് തിരികെപ്പോകേണ്ടിവന്നു.

കുപ്പക്കൊല്ലി, പൊന്മുടിക്കോട്ട, അമ്പുകുത്തി, എടക്കല്‍, പാടിപറമ്പ് ഭാഗങ്ങളില്‍ 12 വളര്‍ത്തുമൃഗങ്ങള്‍ കടുവയുടെ ആക്രമണത്തില്‍ രണ്ടുമാസത്തിനിടെ കൊല്ലപ്പെട്ടിരുന്നു. രണ്ടുമാസംമുമ്പ് കുപ്പമുടിയില്‍ പത്തുവയസ്സുള്ള പെണ്‍കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടിരുന്നു. അതിനൊപ്പമുണ്ടായിരുന്ന കുഞ്ഞാണിത്. പ്രദേശത്ത് മറ്റൊരു കടുവകൂടിയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ബുധനാഴ്ച വൈകീട്ട് അമ്പുകുത്തി വെള്ളച്ചാട്ട പരിസരത്ത് അമ്പുകുത്തി മലയില്‍നിന്ന് പുലിയിറങ്ങി റോഡുമുറിച്ചുകടന്ന് ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ കണ്ടെത്തിയത്.

കുപ്പാടി ഫോറസ്റ്റ് വെറ്ററിനറി ലാബില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് വൈല്‍ഡ് ലൈഫ് സര്‍ജന്‍മാരായ ഡോ. അരുണ്‍ സത്യന്‍, ഡോ. അജേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികാര നടപടി സ്വീകരിക്കരുത് -സംഷാദ് മരക്കാര്‍

കല്പറ്റ: കടുവയെ ചത്തനിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികാരനടപടികളിലേക്ക് വനംവകുപ്പ് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. പ്രദേശത്തൊയൊന്നാകെ ഭീതിയിലാഴ്ത്തിയ കടുവയെ കൂടുവെച്ച് പിടികൂടാന്‍ ഒട്ടേറെ ദിവസങ്ങള്‍ ഉണ്ടായിട്ടും വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തതു കാരണം വളര്‍ത്തു മൃഗങ്ങള്‍ നഷ്ടമായി. ഉദാസീന നിലപാടായിരുന്നു വകുപ്പിന്റേതെന്നും സംഷാദ് മരക്കാര്‍ ആരോപിച്ചു.

സ്ഥലമുടമയ്ക്ക് നിയമസഹായം നല്‍കും -സി.പി.ഐ.

കല്പറ്റ: പൊന്‍മുടിക്കോട്ടയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലമുടമയുടെപേരില്‍ കേസെടുത്ത വനംവകുപ്പിന്റെ നടപടിയില്‍ സി.പി.ഐ. പ്രതിഷേധിച്ചു. അന്യായമായി കൃഷിക്കാരെ ഉപദ്രവിച്ചാല്‍ ശക്തമായ പ്രക്ഷോഭം തുടങ്ങും. കേസില്‍ പ്രതിയാക്കപ്പെട്ട സ്ഥലമുടമയ്ക്ക് എല്ലാവിധ നിയമസഹായങ്ങളും സി.പി.ഐ. നല്‍കുമെന്നും ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു.

Content Highlights: tiger death case, forest department take case against land owner

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented