കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കഴിഞ്ഞ ഏതാനും നാളുകളായി ജനങ്ങളില്‍ ഭീതി പരത്തിയ കടുവ വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ടു. വനംവകുപ്പിന്റെ രണ്ടാഴ്ചയിലേയറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവ പിടിയിലായത്.

ഓടപ്പള്ളത്തെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നിരുന്നു. രാത്രിയോ പകലോ എന്ന ഭേദമില്ലാതെയായിരുന്നു പ്രദേശത്ത് കടുവയുടെ വിളയാട്ടം. ഒന്നാംമൈലിലും കുപ്പാടിയിലുമെല്ലാം പകല്‍ നേരത്താണ് കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്.

കടുവയെ കുടുക്കാന്‍ വനംവകുപ്പ് പലയിടങ്ങളിലായി കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. കൂടിനടുത്ത് സ്ഥാപിച്ച ക്യാമറയില്‍ കടുവ കന്നുകാലിയെ ആക്രമിക്കുന്ന ദൃശ്യം പതിഞ്ഞതു മാത്രമായിരുന്നു മെച്ചം.

ഇതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചുപോലും വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ മയക്കുവെടി വെച്ചു പിടിക്കാനുള്ള ശ്രമത്തിലായി വനംവകുപ്പ്. ഇതിനായി നാല്‍പ്പതംഗ സംഘം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ തമ്പടിച്ചിരിക്കുകയാിയരുന്നു. രണ്ടു ദിവസമായി തോട്ടത്തില്‍ കന്നുകാലികളെ കെട്ടി കടുവയെ ആകര്‍ഷിച്ച് മയക്കുവെടിവെച്ചു പിടികാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച കാലത്ത് കടുവ കൂട്ടിലായത്. ഈ മാസം ഇത് രണ്ടാം തവണയാണ് വയനാട്ടില്‍ കടുവ പിടിയിലാവുന്നത്.