
സുൽത്താൻ ബത്തേരിയിൽ നിന്ന് കുങ്കിയാനകളെ ലോറിയിൽ കുറുക്കൻമൂലയിൽ എത്തിച്ചപ്പോൾ. ഇൻസൈറ്റിൽ ക്യാമറയിൽ പതിഞ്ഞ കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയുടെ ചിത്രം
മാനന്തവാടി: നാളുകളായി കുറുക്കൻമൂല ഗ്രാമത്തെ വിറപ്പിക്കുന്ന കടുവയെ വരുതിയിലാക്കാൻ നാടിനെ വിറപ്പിച്ച കൊമ്പന്മാരെത്തി. കാട്ടിലും കൂട്ടിലും കയറാതെ നാട്ടിലിറങ്ങി ആക്രമണം പതിവാക്കിയ കടുവയെ കുങ്കിയാനകളുടെ സഹായത്തോടെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒരുകാലത്ത് നാടിനെ വിറപ്പിക്കുകയും പിന്നീട് വനംവകുപ്പ് പിടികൂടി കുങ്കിയാനകളാക്കുകയും ചെയ്ത കല്ലൂർ കൊമ്പനും വടക്കനാട് കൊമ്പനുമാണ് കടുവയെ തളയ്ക്കാനായി എത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ബത്തേരിയിൽനിന്ന് ആനകളെ കുറുക്കൻമൂലയിൽ എത്തിച്ചത്. കടുവയെ കണ്ടെത്താനായി വനംവകുപ്പ് ദിവസങ്ങൾ നാടിളക്കി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാവാതെ വന്നതോടെയാണ് കുങ്കിയാനകളെ സഹായത്തിനായി കൊണ്ടുവന്നത്. അഞ്ചുകൂടുകൾവെച്ച് കെണിയൊരുക്കി കാത്തിരുന്നിട്ടും കുടുങ്ങാതിരുന്ന കടുവയെ സർവസന്നാഹങ്ങളുമുപയോഗിച്ചുള്ള തിരച്ചിലിൽ കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും.
ഒരുരാത്രിപോലും മുടക്കമില്ലാതെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമെത്തി വളർത്തുമൃഗങ്ങളെ കൊല്ലുന്ന കടുവയുടെ സഞ്ചാരപാത ഏറക്കുറെ വനംവകുപ്പ് വ്യക്തമായിട്ടുണ്ട്. ചങ്ങലഗേറ്റ് മുതൽ പാൽവെളിച്ചംവരെയുള്ള ഭാഗങ്ങളിലൂടെയാണ് കടുവ കൂടുതലായും സഞ്ചരിച്ചതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. പലതവണ ശേഖരിച്ച കാൽപ്പാടുകളിൽനിന്നും ക്യാമറാ ദൃശ്യങ്ങളിൽ നിന്നുമാണ് വനംവകുപ്പ് കടുവയുടെ സഞ്ചാരപാതയെക്കുറിച്ചുള്ള ധാരണയിലെത്തിയത്. രാത്രി കടുവയിറങ്ങുകയും തിരികെ കാട്ടിലേക്ക് പോവുകയും ചെയ്തതിന്റെ കാൽപ്പാടുകൾ ഈ പ്രദേശത്തുനിന്നാണ് കൂടുതലും കിട്ടിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഈ ഭാഗത്ത് കുങ്കിയാനകളെ എത്തിച്ച് കടുവയെ കൂടുകളുള്ള ഭാഗത്തേക്ക് ഓടിക്കുകയാണ് ലക്ഷ്യം. ഇതിനായി രാത്രി പ്രദേശത്ത് ജനസഞ്ചാരം നിരോധിച്ചു.
അഞ്ചുകൂടുകൾ എന്നിട്ടും തൊഴുത്തിലെ ആടിനെ കൊന്നു
കടുവയുടെ സഞ്ചാരപാതയും കടുവ വരാൻസാധ്യതയുള്ള വഴികളും കണക്കാക്കി വിവിധ ഭാഗങ്ങളിലായി അഞ്ചുകൂടുകൾ വെച്ചിട്ടും അതിലൊന്നും കടുവ കയറില്ല. പതിവുപോലെ ചൊവ്വാഴ്ചയും ജനവാസകേന്ദ്രത്തിലെത്തി തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ കൊന്നു. പടമല കുരുത്തോലയിൽ സുനിയുടെ ആടിനെയാണ് കൊന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കാവേരിപ്പൊയിൽ ഭാഗത്ത് രണ്ടുകൂടുകളും ചെങ്ങോത്ത് കോളനി, പാൽവെളിച്ചത്ത് വനമേഖലയോട് ചേർന്നുള്ള ജനവാസകേന്ദ്രം, വളർത്തുമൃഗങ്ങൾ നഷ്ടമായ തെനംകുഴി ജിൽസിന്റെ വീടിന് സമീപം എന്നിവിടങ്ങളിലാണ് കൂട് സ്ഥാപിച്ചത്. ഇവയിലേതെങ്കിലും ഒരു കൂട്ടിലേക്ക് കുങ്കിയാനകളുടെ സഹായത്തോടെ കടുവയെ എത്തിക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്.

കടുവയുടെ കഴുത്തിലെ മുറിവും കാണാം
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ്
നാട്ടിലിറങ്ങുന്ന കടുവയുടെ കഴുത്തിൽ മുറിവുള്ളതായി വനംവകുപ്പ് കണ്ടെത്തി. പാൽവെളിച്ചം ഭാഗത്തുനിന്ന് ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് കടുവയുടെ കഴുത്തിൽ ആഴത്തിൽ മുറിവുള്ളതായി കണ്ടെത്തിയത്. 17 ദിവസത്തിനിടെ വിവിധ ഭാഗങ്ങളിലാണ് കടുവയുടെ ആക്രമണമുണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുപോലും കടുവയുടെ ആക്രമണമുണ്ടായി.
പലഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ കാൽപ്പാടുകൾ പരിശോധിച്ചാണ് എല്ലായിടത്തും എത്തിയത് ഒരു കടുവതന്നെയാണെന്ന നിഗമനത്തിലെത്തിയത്. കാട്ടിൽ ഇരതേടാനാവാത്തതരത്തിൽ അവശത അനുഭവിക്കുന്ന കടുവയാകാം നാട്ടിലിറങ്ങുന്നതെന്ന് നേരത്തേതന്നെ സംശയവുമുണ്ടായിരുന്നു.
ഹൈക്കോടതി വിവരങ്ങൾ ആരാഞ്ഞു
കുറുക്കൻമൂലയിലെ കടുവയുടെ ആക്രമണത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ചൊവ്വാഴ്ചയും ഹൈക്കോടതി ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ഡിസ്ട്രിക്ട് ജഡ്ജി എ. ഹാരിസ് എന്നിവർ കളകട്ർ, സബ്കളക്ടർ, ഉന്നതവനംവകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് കൗൺസിൽ എന്നിവരോട് ആരാഞ്ഞു. ഇതുവരെ സ്വീകരിച്ച കാര്യങ്ങൾ, ഒരുക്കിയ സുരക്ഷാനടപടികൾ, മറ്റുനടപടികൾ എന്നിവയെക്കുറിച്ച് അധികൃതർ വിവരിച്ചു. കടുവയുടെ ചിത്രം ലഭിച്ചതിനെക്കുറിച്ചും കഴുത്തിലെ മുറിവിനെക്കുറിച്ചും വിശദീകരിച്ചു. കളക്ടർ എ. ഗീത,സബ്കളക്ടർ ആർ. ശ്രീലക്ഷ്മി, കൗൺസിലർ ആലീസ് സിസിൽ, നോർത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, തഹസിൽദാർ ജോസ്പോൾ ചിറ്റിലപ്പള്ളി, കർഷകപ്രതിനിധി ജോണി എന്നിവർ പങ്കെടുത്തു.

പാൽ കൊണ്ടുപോകുന്നവർക്കും സ്കൂൾവിദ്യാർഥികൾക്കും സുരക്ഷ
കടുവയുടെ സാന്നിധ്യമുള്ളതിനാൽ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും ക്ഷീരകർഷകർക്ക് സൊസൈറ്റിയിൽ പാൽ കൊണ്ടുപോകാനും വനംവകുപ്പും പോലീസും ചേർന്ന് സുരക്ഷയൊരുക്കും. കടുവയുടെ ആക്രമണത്തിൽ ആടിനെ നഷ്ടമായ പടമല കുരുത്തോലയിൽ സുനിയുടെ വീട്ടിലെത്തിയ സബ് കളക്ടർ ആർ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. പ്രദേശത്ത് ഭൂമി വാങ്ങിയിടുകയും കൃഷിയൊന്നും ചെയ്യാത്തതിനാൽ കാടുപിടിച്ചുകിടക്കുകയും ചെയ്യുന്ന ഭൂവുടമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി വില്ലേജ് ഓഫീസർക്ക് നിർദേശംനൽകി. നോർത്ത് വയനാട് ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയി, സൗത്ത് വയനാട് ഡി.എഫ്.ഒ. തഹസിൽദാർ ജോസ്പോൾ ചിറ്റിലപ്പള്ളി, മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, എസ്.ഐ. ബിജു ആന്റണി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കളക്ടർ സ്ഥലം സന്ദർശിച്ചു
കടുവാഭീതിയിൽ കഴിയുന്ന കുറുക്കൻമൂല കളക്ടർ എ. ഗീത സന്ദർശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കളക്ടർ ആടിനെ നഷ്ടപ്പെട്ട സുനിയുടെ വീട്ടിലെത്തിയത്. കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് ഇപ്പോൾ നൽകുന്ന നഷ്ടപരിഹാരംപോരെന്നും കൂട്ടിനൽകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വന്യമൃഗശല്യം തടയാൻ ഫെൻസിങ് കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു. ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തു.
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം
കടുവയെ നിരീക്ഷിക്കാനായി ചൊവ്വാഴ്ച വനംവകുപ്പ് വിവിധ ഭാഗങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും പകൽ കടുവയെ കണ്ടെത്താനായില്ല. വെറ്ററിനറി ഫോറസ്റ്റ് സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നേരത്തെ ഒരുക്കിയിരുന്നെങ്കിലും പകൽ കടുവയെ കാണാത്തതിനാൽ മയക്കുവെടി വെക്കാനായിട്ടില്ല. കടുവയെ നിരീക്ഷിക്കാനായി വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം ക്യാമറകളാണുള്ളത്. ആവശ്യമെങ്കിൽ ഇനിയും ക്യാമറകൾ വെക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് റാപ്പിഡ് റെസ്പോൺസ് ടീമും വിവിധ സെക്ഷനുകളിലെ ജീവനക്കാരുമുൾപ്പെടെ 150 വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

17 ദിവസം, കൊല്ലപ്പെട്ടത് 15 വളർത്തുമൃഗങ്ങൾ
17 ദിവസത്തിനിടെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലുമായി 15 വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. പശു, ആട്, പട്ടി, മൂരിക്കിടാവ് എന്നിവയാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കാണ് വളർത്തുമൃഗങ്ങൾ നഷ്ടമായതെന്നും നിലവിൽ നൽകുന്ന തുക നഷ്ടപരിഹാരമാവില്ലെന്നും തുക വർധിപ്പിക്കണമെന്നും കൗൺസിലർ ഷിബു കെ. ജോർജ് പറഞ്ഞു.
Content highlights: Tiger captured in Wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..