പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ അക്രമിച്ചു. ചെതലയം റേഞ്ച് ഓഫീസര്‍ ടി. ശശികുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം. കൊളവള്ളിയില്‍ കടുവ ഇറങ്ങിയെന്ന പ്രചാരണത്തെ തുടര്‍ന്ന് നാട്ടുകാരുള്‍പ്പെടെ വനപാലക സംഘത്തിന്റെ നേതൃത്വത്തില്‍ തിരിച്ചില്‍ നടത്തിവരികയായിരുന്നു. 

ഇതിനിടെ വൈകീട്ട് മൂന്നരയോടെയായിരുന്നു ആക്രമണം. പരിക്ക് സാരമുള്ളതല്ല. ശശികുമാറിനെ വയനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക വനാതിര്‍ത്തിയില്‍ കബനി നദിയോട് ചേര്‍ന്നുള്ള പ്രദേശമാണ് കൊളവള്ളി. കബനി നദിയുടെ മറുകരയിലുള്ള വന്യജീവി സങ്കേതത്തില്‍ നിന്ന് പുഴ കടന്നെത്തിയ കടുവയാണ് ജനവാസ മേഖലയിലെത്തിയിട്ടുള്ളതെന്നാണ് നിഗമനം.

കഴിഞ്ഞ അഞ്ചു ദിവസമായി കടുവയ്ക്കായി നാട്ടുകാരും വനപാലകരും തിരിച്ചില്‍ നടത്തുകയാണ്. വളര്‍ത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇന്ന് ഒരു കൃഷിയിടത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Content Highlights: Tiger attack-wayanad-forest range officer