പ്രതീകാത്മക ചിത്രം | ഫോട്ടോ:അസീസ് മാഹി
കല്പറ്റ: പുതുശ്ശേരിയില്‍ കര്‍ഷകനെ കൊന്നശേഷം നടമ്മല്‍ ഭാഗത്തുനിന്ന് വനംവകുപ്പ് മയക്കുവെടിവെച്ചു പിടിച്ച കടുവ എത്തിയത് കര്‍ണാടകയിലെ വനമേഖലയില്നിന്നെന്ന പ്രാഥമിക നിഗമനത്തില്‍ വനംവകുപ്പ്. വയനാട് വന്യജീവി സങ്കേതത്തിന് കീഴിലുള്ളതായി രേഖപ്പെടുത്താത്ത കടുവയാണിതെന്ന് ആദ്യദിനംതന്നെ വ്യക്തമായിരുന്നു.
കര്‍ണാടക വനമേഖലയില്‍നിന്നിറങ്ങി ഇരിട്ടിയിലെ ഉളിക്കല്‍, പായം പഞ്ചായത്തുകളുടെ പരിധിയിലും ആറളം ഫാമിലും സാന്നിധ്യം സ്ഥിരീകരിച്ച കടുവയാണിതെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. ആറളത്തുനിന്ന് പകര്‍ത്തിയ കടുവയുടെ ചിത്രങ്ങള്‍ പരിശോധിച്ചതില്‍ സാമ്യമുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടതുണ്ട്.
കടുവയുടെ സ്വഭാവനിരീക്ഷണത്തില്നിന്ന് വനംവകുപ്പിന്റെ പരിപാലനകേന്ദ്രങ്ങളില്‍ സംരക്ഷിക്കുന്ന മൃഗങ്ങളുടേതിന് സമാനമാണ് ഇതിന്റെ രീതികളെന്നും സംശയിക്കുന്നുണ്ട്. കാടുകയറാതെ ജനവാസമേഖലകളിലൂടെയും വയലിലൂടെയും മാത്രമാണ് ഈ ദിവസങ്ങളില്‍ കടുവ സഞ്ചരിച്ചത്. മൃഗങ്ങളെ നായാടുവാനോ, കന്നുകാലികളെ പിടികൂടാനോ തയ്യാറായിട്ടില്ല. ഈ ദിവസങ്ങളില്‍ രണ്ടു നായകളെ കാണാതായെന്ന വിവരം മാത്രമാണ് വനംവകുപ്പിനുള്ളത്. മറ്റു മൃഗങ്ങളെ വേട്ടയാടിയ വിവരം ഇതുവരെയില്ല.
വയലുകളില്‍ കാണുന്ന ചെറുമൃഗങ്ങളെ മാത്രമാണ് കടുവ ഭക്ഷിച്ചതെന്നാണ് വനംവകുപ്പിന്റെ അനുമാനം. ഇരപിടിക്കുന്ന ശീലത്തില്‍ വലിയ വ്യത്യാസം കാണുന്നുണ്ട്. സാധാരണ കൂട്ടിലിട്ടു പരിപാലിക്കുന്ന കടുവകളുടെ രീതികളാണ് ഇത് പിന്തുടരുന്നതെന്നാണ് അനുമാനം.
രാത്രി മുഴുവന്‍ കടുവ സഞ്ചരിച്ചിരുന്നു. 12-ന് കര്‍ഷകന്റെ മരണമുണ്ടായതിനെത്തുടര്ന്ന് 13-ന് കടുവയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ചതില്‍ പുഴകടന്ന് കാട്ടില്പോയെങ്കിലും തിരിച്ചിറങ്ങി മാനന്തവാടി വെള്ളമുണ്ട സെക്ഷനിലെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്. അടുത്തദിവസം പടിഞ്ഞാറത്തറ സെക്ഷന്റെ അതിര്‍ത്തിവരെ സഞ്ചരിച്ചിട്ടുണ്ട്.
കര്‍ഷകനെ ആക്രമിച്ച പുതുശ്ശേരിയില്‍നിന്ന് 20 കി.മീറ്റര്‍ അകലെ കുപ്പാടിത്തറ നടമ്മേല്നിന്നാണ് കടുവ പിടിയിലായത്. ജില്ലയില്‍ മാത്രം 60 കി.മീറ്ററോളം സഞ്ചരിച്ചിട്ടുണ്ട്. ഇതിനിടയില്‍ കാട്ടില്‍ കയറാനോ കന്നുകാലികളെ ആക്രമിക്കാനോ കടുവ മുതിര്‍ന്നിട്ടില്ല. ഇതിനാലാണ് മുമ്പ് പരിപാലനകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നതാണോ എന്ന് സംശയിക്കുന്നത്. കര്‍ണാടക വനംവകുപ്പിന് കീഴിലും കടുവപരിപാലനകേന്ദ്രമുണ്ട്.
Content Highlights: Tiger attack wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..