കൊച്ചി: ഗര്‍ഭകാലത്തെ അവഗണിച്ച് കോവിഡ് ഡ്യൂട്ടി ചെയ്തിരുന്ന തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സ് സനിത സത്യദേവിന്റെ ചികിത്സയില്‍ ഏകോപനക്കുറവ് ഉണ്ടായതായി പരാതി. ഡ്യൂട്ടിക്കിടയില്‍ കോവിഡ് ബാധിതയായ ഇവര്‍ക്ക് മതിയായ ചികിത്സ ഒരുക്കുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്ര ശ്രദ്ധപുലര്‍ത്തിയില്ലെന്നാണ് ആരോപണം.

തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ നഴ്‌സായ സനിത എട്ടുമാസം ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ഗര്‍ഭകാലത്തെ അവഗണിച്ച് നിലവിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് കോവിഡ് രോഗികളെ പരിചരിക്കാന്‍ രംഗത്തിറങ്ങിയ നഴ്‌സാണ് സനിത. രോഗീ ശുശ്രൂഷയ്ക്കിടയില്‍ ഇവര്‍ കോവിഡ് ബാധിതയായി. തുടര്‍ന്ന് ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കായി എത്തി. എന്നാല്‍ മതിയായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ തന്നെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 

ആദ്യഘട്ടത്തില്‍ ചികിത്സ തേടിയ ആശുപത്രിയില്‍ നിന്ന് വേണ്ടത്ര ചികിത്സയോ പരിചരണമോ ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവരുടെ ആരോഗ്യനില ഗുരതരമായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ വെച്ച് സിസേറിയന്‍ ചെയ്ത് കുട്ടിയെ പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ സനിതയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എക്‌മോ സംവിധാനമുളള ആശുപത്രിയിലേക്ക് ഇവരെ മാറ്റണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. 

ഇതിനായി സനിതയുടെ വീട്ടുകാര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ചു. ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് പിന്നീട് ഇവര്‍ക്ക് സ്വകാര്യ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നത്. സനിതയുടെ ആരോഗ്യനില ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സനിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. 

ഗര്‍ഭകാലത്തെ അവഗണിച്ച് കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന് പോരാടിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതില്‍ ആരോഗ്യരംഗത്തുണ്ടായ പാളിച്ചയാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം.