നിവേദ്യയും അച്ഛമ്മ ശാന്തയും കൂരയ്ക്കുമുന്നിൽ
തൃശ്ശൂര്‍: ''തുമ്പീ ദാ ഷീബ ടീച്ചറ് വന്നിട്ടിണ്ട്ട്ടാ...'' അച്ഛമ്മ വിളിച്ചതുകേട്ട് തുരുമ്പിച്ച തകരഷീറ്റുകള്‍ കൊണ്ടുമറച്ച കൂട്ടില്‍നിന്ന് തുമ്പി ചിരിച്ചുകൊണ്ട് പുറത്തേക്കു വന്നു... ഓലപ്പുരയുടെ ഓലകളെല്ലാം ദ്രവിച്ച് ഈര്‍ക്കിലുകള്‍ മാത്രമായിരിക്കുന്നു.
കീറിപ്പറിഞ്ഞ ടാര്‍പോളിന്‍ ഷീറ്റുകള്‍ അവിടവിടെയായി വിരിച്ചിട്ടുണ്ട്. തറമുട്ടാത്ത തകരഷീറ്റുകള്‍ക്ക് താഴെ പാമ്പുകള്‍ കയറാതിരിക്കാന്‍ ഇഷ്ടികയും കല്ലുകളും നിരത്തിയിരിക്കുന്നു. മുളക്കുറ്റികളും കവുങ്ങിന്‍ കുറ്റികളുമാണ് കൊച്ചുകൂരയെ താങ്ങുന്നത്. .
തുമ്പിയെന്ന നിവേദ്യയും അച്ഛമ്മ ശാന്തയും അച്ഛാച്ഛന്‍ രാജനും താമസിക്കുന്നത് ഈ കൂരയിലാണ്. അമ്മ രാഗി ഉപേക്ഷിച്ചു പോയി. അച്ഛന്‍ ബൈജു വീടിനുള്ളില്‍ തൂങ്ങിമരിച്ചു. അന്ന് മൂന്നാംക്ലാസിലായിരുന്നു നിവേദ്യ. അതോടെ തുമ്പിക്ക് ആ വീട്ടില്‍ കഴിയാന്‍ പേടിയായി. ആ ഓലപ്പുര പൊളിച്ച് കുറേക്കൂടെ മുന്നില്‍ മറ്റൊരു കൂര കെട്ടി.
നാല്‍പ്പത് വര്‍ഷമായി തുമ്പിയുടെ അച്ഛാച്ഛനും അച്ഛമ്മയും ഈ പുറമ്പോക്കിലാണ് താമസം. അവിണിശ്ശേരി പഞ്ചായത്തിലാണെങ്കിലും സഹായത്തിനപേക്ഷിച്ചിട്ടൊന്നും ഫലമുണ്ടായിട്ടില്ല. അച്ഛാച്ഛന്‍ കൂലിപ്പണിക്ക് പോകും. അച്ഛമ്മയ്ക്ക് മരക്കമ്പനിയില്‍ വിറക് കെട്ടലായിരുന്നു ജോലി. ലോക്ഡൗണ്‍ ആയതോടെ അതില്ലാതായി.
പെരിഞ്ചേരി എ.യു.പി. സ്‌കൂളില്‍ ആറിലാണ് നിവേദ്യ പഠിക്കുന്നത്. ഇതുവരെ ഈ വീട്ടില്‍ ടി.വി.യില്ലായിരുന്നു. ദുരിതങ്ങള്‍ ഏറെയുണ്ടെങ്കിലും ലോക്ഡൗണില്‍ തുമ്പിക്ക് പഠിക്കാന്‍ തവണവ്യവസ്ഥയില്‍ ടി.വി. വാങ്ങി. ഇപ്പോഴതിന്റെ തവണയടയ്ക്കുന്നതെങ്ങനെയെന്ന വിഷമത്തിലാണ് അച്ഛാച്ഛനും അച്ഛമ്മയും.
SANTHA RAJAN, ബാങ്ക് അക്കൗണ്ട് നമ്പര്‍: 20183995111, IFSC Code: SBIN0008684....തുമ്പിയെ ബന്ധപ്പെടാന്‍: 9446004030
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..