അപകടം പതിവായ പോട്ട സുന്ദരിക്കവല | Photo: Mathrubhumi
ചാലക്കുടി: സുന്ദരിക്കവലയെന്നൊക്കെയാണ് പേര്. പക്ഷേ, സൗന്ദര്യം പേരിൽമാത്രമേയുള്ളൂ. ദേശീയപാതയിലെ പോട്ട സുന്ദരിക്കവല സ്ഥിരം അപകടയിടമാകുകയാണ്. തൃശ്ശൂർ ഭാഗത്തുനിന്നു വരുമ്പോൾ പോട്ട മേൽപ്പാലം അവസാനിക്കുന്നിടത്താണ് സുന്ദരിക്കവല. പോട്ട ജങ്ഷനിൽനിന്ന് എത്തുന്ന ബൈലൈൻ റോഡ് (പഴയ ദേശീയപാത) ഇവിടെയാണ് സംഗമിക്കുന്നത്. ദേശീയപാതയുടെ കിഴക്കുവശത്തുള്ള സർവീസ് റോഡും ഇവിടെ വന്നെത്തുന്നു. സർവീസ് റോഡ് ഇവിടെ മുറിഞ്ഞുപോയപോലെയാണ്. ഏകദേശം 10 മീറ്റർ ഭാഗമാണ് മുറിഞ്ഞുകിടക്കുന്നത്. ഇവിടെയാണ് അപകടങ്ങളേറെയും.
മേൽപ്പാലത്തിനു സമാന്തരമായി സുന്ദരിക്കവല വരെ സർവീസ് റോഡുണ്ട്. ആശ്രമം ജങ്ഷനിൽനിന്നുള്ള സർവീസ് റോഡും തൊട്ടടുത്തുവരെ എത്തിനിൽക്കുന്നു. ഈ രണ്ടുഭാഗവും യോജിപ്പിക്കണമെന്നത് ഏറെനാളായുള്ള ആവശ്യമാണെങ്കിലും ഇതുവരെ നടന്നിട്ടില്ല. ഇത് പൂർത്തീകരിച്ചാൽ ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്ന അഭിപ്രായമുണ്ട്.
ഇരുവരിഗതാഗതം അനുവദിച്ചിട്ടുള്ള സുന്ദരിക്കവല മുതൽ ആശ്രമം ജങ്ഷൻ വരെയുള്ള സർവീസ് റോഡിന് വീതി വളരെ കുറവാണ്. ആശ്രമം ജങ്ഷനിൽനിന്ന് പോട്ട ജങ്ഷനിലേക്കു പോകുന്ന സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസുകൾ ഈ പാതയിലൂടെ പോകുന്നുണ്ട്. എതിർദിശയിൽനിന്ന് വാഹനങ്ങൾ വന്നാൽ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. റോഡിന്റെ വീതി കൂട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ചാലക്കുടിയിൽനിന്ന് ഇരിങ്ങാലക്കുട, തൃശ്ശൂർ, കൊടകര ഭാഗങ്ങളിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. സർവീസ് റോഡിൽനിന്നും ബൈലൈൻ റോഡിൽനിന്നും ദേശീയപാതയിലേക്ക് കയറുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. സർവീസ് റോഡിൽനിന്ന് ദേശീയപാതയിലേക്കുള്ള പ്രവേശനം തടയണമെന്ന് അധികൃതർ നേരത്തെ നിർദേശിച്ചിട്ടുള്ളതാണ്.
ടിപ്പർ ലോറിക്കു പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
ചാലക്കുടി: പോട്ട സുന്ദരിക്കവലയിൽ ടിപ്പർ ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന വെട്ടുകടവ് കറുകപ്പള്ളിയിൽ മാത്യുവിന്റെ മകൻ ഷിനോജ് (24), ഒപ്പമുണ്ടായിരുന്ന കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (22) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.
പോട്ട ലിറ്റിൽ ഫ്ളവർ പള്ളിത്തിരുനാളിന്റെ ഭാഗമായുള്ള ടൗൺ അമ്പിൽ പങ്കെടുത്ത് വീടുകളിലേക്ക് മടങ്ങുകയായിരുന്നു സുഹൃത്തുക്കളായ യുവാക്കൾ. പോട്ട ഭാഗത്തുനിന്നെത്തിയ ബൈക്ക് ദേശീയപാതയിലേക്ക് കയറുന്നതിനിടെ ചാലക്കുടി ഭാഗത്തേക്ക് വരുകയായിരുന്ന ടിപ്പറിനു പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ബ്രൈറ്റ് മറ്റൊരു ലോറിക്കടിയിലേക്കാണ് തെറിച്ചുവീണത്. ഷിനോജ് ടിപ്പറിൽ തലയിടിച്ച് റോഡിലേക്ക് വീണു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. സ്ഥലത്തെത്തിയ ഹൈവേ പോലീസാണ് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.
ഷിനോജിന് കൊച്ചി കപ്പൽശാലയിലാണ് ജോലി. അമ്മ: ജോളി. സഹോദരങ്ങൾ: ഷിജൊ, ഷിന്റൊ. സംസ്കാരം നടത്തി.
ബ്രൈറ്റ് വിദേശത്തുപോകാനുള്ള ഒരുക്കത്തിലായിരുന്നു. അമ്മ: ബിന്ദു ചാലക്കുടി ഫൊറോന പള്ളിയിൽ അക്കൗണ്ടന്റാണ്. സഹോദരി: മീനു (അയർലൻഡ്). സംസ്കാരം ബുധനാഴ്ച 2.30-ന് സെയ്ന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Content Highlights: Thrissur potta sundarikavala regular accident area torus bike accident
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..