തൃശൂര്‍: പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷപരമായ വെടിക്കെട്ടില്‍ നിന്ന് പിന്മാറി  തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. എന്നാല്‍ വെടിമരുന്ന് നിറച്ചുവെച്ചതിനാല്‍ പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കി. 

മൂന്ന് മണിയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടിന് വേണ്ടി വൈകുന്നേരത്തോടെ വെടിമരുന്നുകള്‍ നിറച്ചുകഴിഞ്ഞിരുന്നു. ഇവ നിര്‍വീര്യമാക്കാനായി പുറത്തെടുക്കുന്നത് അപകടസാധ്യതയുള്ള സാഹചര്യത്തിലാണ് പൊട്ടിച്ചുതീര്‍ക്കാന്‍ തീരുമാനമായത്. എന്നാല്‍ ആഘോഷപരമായല്ല വെടിക്കെട്ട് നടക്കുകയെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. 

അപകടത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനാരിക്കുന്ന പൂരത്തിലെ മറ്റ് ചടങ്ങുകള്‍ നടത്തേണ്ടതുണ്ടോ എന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും. 

തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീണത്. അപകടത്തില്‍ രണ്ട് പേര്‍ മരണപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് വ്യക്തമാക്കി. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പൊട്ടിവീണ മരം മുറിച്ചുനീക്കി.