ന്യൂഡല്‍ഹി: തൃശൂര്‍പൂരം വെടിക്കെട്ടിന് മാലപ്പടക്കത്തിന് അനുമതി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. തൃശൂര്‍പൂരത്തിന് അവിഭാജ്യഘടകമാണ് വെടിക്കെട്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ച് മാലപ്പടക്കങ്ങളുടെ കാര്യത്തില്‍ വ്യക്തത വേണമെന്ന തുരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അപേക്ഷയില്‍ ഇടപെട്ടാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വെടിക്കെട്ടപകടങ്ങളെ തുടര്‍ന്ന് പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും ഉപയോഗവും നിയന്ത്രിച്ച് 2018 ഒക്ടോബറില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞ മലിനീകരണമുണ്ടാക്കുന്നതും പരിസ്ഥിതിക്കു ദോഷമാകാത്തതുമായ പടക്കങ്ങള്‍ മാത്രമേ നിര്‍മിക്കാനും വില്‍ക്കാനും പൊട്ടിക്കാനും അനുവദിക്കുവെന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവില്‍ വ്യക്തത തേടി ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

 

Content Highlights: Thrissur Pooram, Fire Works