തൃശ്ശൂര്‍: തൃശ്ശൂര്‍പൂരം നടത്തിപ്പില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഘടകപൂരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് പരിധി ഏര്‍പ്പെടുത്തിയത് ഒഴിവാക്കാന്‍ തീരുമാനം. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ക്കും കോവിഡ് വാകസിന്‍ എടുത്തവര്‍ക്കും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം. 

50 പേര്‍ക്ക് മാത്രമെ ഒരു ഘടകപൂരത്തിന്റെ ഭാഗത്തുനിന്ന് പങ്കെടുക്കാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം പോലീസ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഘടക പൂരങ്ങളുടെ ഭാരവാഹികള്‍ ജില്ലാ കളക്ടറുമായി ചര്‍ച്ചയ്‌ക്കെത്തിയത്. 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന നിബന്ധന മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചു. ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്തുക, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, പാസെടുക്കുക എന്നീ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ എത്രപേര്‍ക്ക് വേണമെങ്കിലും ഘടകപൂരങ്ങളില്‍ പങ്കെടുക്കാം എന്ന തീരുമാനമാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉണ്ടായത്.

ഓരോ ഘടകപൂരങ്ങള്‍ക്കും 200 പരിശോധനകള്‍ സൗജന്യമായി നടത്താമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് ഘടകപൂരങ്ങളാണ് ഉള്ളത്. 1500-ല്‍ അധികം പേര്‍ക്ക് സൗജന്യമായി പരിശോധന നടത്തുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമെന്ന് ഘടകപൂരങ്ങളുടെ ഭാരവാഹികള്‍ പറഞ്ഞു. 

Content Highlights: Thrissur Pooram COVID 19 restrictions