തൃശ്ശൂർ പൂരത്തിന്റെ ഭാഗമായി പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി
തൃശ്ശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പൂരപ്രേമികളുടെ ആരവങ്ങളും ആർപ്പുവിളികളുമില്ലാതെ ചടങ്ങുകളിലൊതുങ്ങി തൃശ്ശൂർ പൂരം കൊടിയിറങ്ങി. പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തി കർശന സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ചടങ്ങുകൾക്കൊന്നും മാറ്റം ഉണ്ടായിരുന്നില്ല. രാവിലെ 7.30ന് തെക്കേ ഗോപുര നടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുനാഥ ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ ഘടക പൂരങ്ങളുടെ വരവായി. 12 മണിയോടെ എട്ട് ഘടകപൂരങ്ങളുമെത്തി. ഒരു ആനപ്പുറത്തായിരുന്നു തിരുവമ്പാടി ഭഗവതിയുടെ മഠത്തിലേക്കുള്ള എഴുന്നള്ളത്ത്. തുടർന്ന് കോങ്ങാട് മധു പ്രമാണിത്തം വഹിച്ച മഠത്തിൽ വരവ് പഞ്ചവാദ്യം നടന്നു.
കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടി മേളത്തോടെയും 15 ആനകളുടെ അകമ്പടിയോടെയുമായിരുന്നു പാറമേക്കാവിലമ്മയുടെ എഴുന്നള്ളത്ത്. കുടമാറ്റം ഇല്ലാത്തതിനാൽ എഴുന്നള്ളിപ്പ് സമയത്ത് പാറമേക്കാവ് വിഭാഗം കുടകൾ പ്രദർശിപ്പിച്ച് പ്രതീകാത്മക കുടമാറ്റം നടത്തി. ഉച്ചക്ക് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം പഴയ പ്രതാപത്തിൽത്തന്നെ നടന്നു.
തൃശ്ശൂർ സ്വരാജ് റൗണ്ടിലേക്കും തേക്കിൻകാട് മൈതാനത്തേയ്ക്കും ശനിയാഴ്ച വൈകീട്ട് വരെ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്നു. ചടങ്ങുമായി ബന്ധപ്പെട്ട് എത്തുന്നവർ, ക്ഷേത്ര ഭാരവാഹികൾ, ആനപാപ്പാൻമാർ, വാദ്യക്കാർ തുടങ്ങിയവർക്ക് പ്രത്യേക പാസുകൾ നൽകിയാണ് പ്രവേശനം നൽകിയത്.
പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരവും പരിസരവും കഴിഞ്ഞ ദിവസം മുതൽ പൂർണമായി പോലീസ് നിയന്ത്രണത്തിലാണ്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷവും തൃശ്ശൂർ പൂരം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് നടത്തിയത്.
content highlights:thrissur pooram 2021


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..