തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് തുടക്കംകുറിച്ച് പൂരവിളംബരം. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി, ചടങ്ങുകള്‍ മാത്രമായി പൂരവിളംബരം നടത്തുന്നതിന്റെ ഭാഗമായി വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമേ പൂരവിളംബരത്തിലേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത് ഗജരാജന്‍ എറണാകുളം ശിവകുമാര്‍ എന്ന ആനയാണ്. 

രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് തേക്കിന്‍കാട് മൈതാനിയിലെത്തിയ ശേഷം വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ അകത്തേക്ക് പ്രവേശിച്ചു. വടക്കുംനാഥനെ വലംവെച്ച് അനുവാദം ചോദിച്ച ശേഷം തെക്കേ ഗോപുരനട തുറന്ന് പൂരവിളംബരം നടത്തി.

കുടമാറ്റം പ്രതീകാത്മകമായി മാറ്റുന്നതിനാല്‍ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ കൂടിക്കാഴ്ചയായിരിക്കും തെക്കേനടയിലെ പൂരപ്പറമ്പില്‍ നടക്കുക. പതിനായിരങ്ങള്‍ക്കു പകരം രണ്ടായിരത്തോളം പേര്‍ മാത്രമാവും ഇതിന് സാക്ഷ്യം വഹിക്കാന്‍ ഉണ്ടാവുക. അതില്‍ ഉണ്ടാവുക ദേവസ്വം ഭാരവാഹികളും ജീവനക്കാരും പാപ്പാന്‍മാരും വാദ്യക്കാരും മാധ്യമപ്രവര്‍ത്തകരും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാത്രം. ഉച്ചയ്ക്ക് രണ്ടരയോടെ തുടങ്ങുന്ന ഇലഞ്ഞിത്തറ മേളവും ശ്രീമൂലസ്ഥാനത്തെ മേളവും തീരുമ്പോള്‍ നാലരയാവും.

തെക്കുവശത്ത് 15 ആനകളും വടക്കു വശത്ത് ഒരാനയുമായുള്ള കാഴ്ചയായിരിക്കും വൈകീട്ട് അഞ്ചരയോടെ രൂപപ്പെടുക. ഇരു ദേവസ്വങ്ങളും രണ്ട് കുടകള്‍ വീതം മാറ്റി കുടമാറ്റം എന്ന ചടങ്ങ് നിര്‍വഹിക്കും. ഇതിനു ശേഷം പാറമേക്കാവ് വിഭാഗമാണ് ആദ്യം പൂരപ്പറമ്പില്‍നിന്ന് മടങ്ങുക. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് തെക്കോട്ട് നീങ്ങി രാജാവിന്റെ പ്രതിമയെ വലംവച്ച ശേഷം തെക്കേ മഠത്തിലേക്ക് തിരിച്ചു പോവും. ആറുമണിയോടെ പൂരപ്പറമ്പില്‍നിന്ന് എല്ലാവരും ഒഴിയും.