തൃശ്ശൂര്‍: മേയര്‍ എന്ന നിലയില്‍ അര്‍ഹമായ പരിഗണനയും ആദരവും കിട്ടുന്നില്ലെന്ന ആരോപണവുമായി വീണ്ടും തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗ്ഗീസ്. ബോര്‍ഡില്‍ ഫോട്ടോ ചെറുതായെന്ന് പറഞ്ഞ് പുങ്കുന്നം സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം മേയര്‍ ബഹിഷ്‌കരിച്ചിരുന്നു. ഈ വിവാദത്തില്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ ഉള്‍പ്പെടെ അര്‍ഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് എംകെ വര്‍ഗീസ് ആരോപിച്ചത്. 

മേയറുടെ പ്രതികരണം 

പുങ്കുന്നം സര്‍ക്കാര്‍ സ്‌കൂള്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളാണ്. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ തന്നെ വന്നുകണ്ടിരുന്നു. ക്ഷണം സ്വീകരിക്കുയും ചെയ്തു. എന്നാല്‍ പരിപാടി സംബന്ധിച്ച് പിന്നീടുള്ള കാര്യങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല. പരിപാടിയുടെ ബ്രോഷര്‍, ബോര്‍ഡ് എന്നിവ ഉള്‍പ്പെടെ സ്ഥാപിക്കുമ്പോള്‍ മേയറോട് ചോദിക്കണമെന്ന മര്യാദ കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമായിരുന്നു. 

പരിപാടി നിശ്ചയിച്ച ദിവസം കൃത്യസമയത്തുതന്നെ സ്‌കൂളിലെത്തി. അപ്പോഴാണ് സ്‌കൂളിന് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡ് ശ്രദ്ധിച്ചത്. പരിപാടിയില്‍ എംഎല്‍എയെയാണ് ഉദ്ഘാടകനാക്കിയത്. നല്ല കാര്യമാണ്. അതില്‍ യാതൊരു വിഷമവുമില്ല. എന്നാല്‍ ബോര്‍ഡില്‍ എംഎല്‍എയുടെ ഫോട്ടോ വലുതും മേയറായ തന്റെ ഫോട്ടോ ചെറുതുമായിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ കൂട്ടത്തില്‍ മേയറായ തന്റെ ഫോട്ടോ വെച്ചത് മാനസികമായി വിഷമുണ്ടാക്കി. 

പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയുമെല്ലാം മേയറെക്കാള്‍ താഴെയുള്ളവരാണ്. തന്റെ കോര്‍പ്പറേഷന്‍ പരിധിയിലുള്ള സ്‌കൂളില്‍ പോലും തന്നെ അപമാനിക്കുന്ന തരത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. മനപൂര്‍വ്വമാണ് ഇത്തരമൊരു അവസ്ഥയെന്ന് തോന്നി. ഇതൊന്നും ശരിരായ കീഴ്‌വഴക്കമല്ല. പ്രോട്ടോക്കോള്‍ ലംഘനമാണിത്. ഈ സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. 

വര്‍ഗ്ഗീസ് എന്ന വ്യക്തിക്ക് ബഹുമാനമൊന്നും നല്‍കേണ്ട. എന്നാല്‍ മേയര്‍ എന്ന പദവിയോട് ഇങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല. പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആദരവ് മേയര്‍ക്ക് നല്‍കണമെന്ന ആഗ്രഹമേ തനിക്കുള്ളു. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ഇക്കാര്യത്തില്‍ കത്തയച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കട്ടെ.

സംസ്ഥാന സര്‍ക്കാര്‍ പരിപാടികളിലും സ്ഥിരമായി തന്നെ വിശിഷ്ടാധിഥിയാക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ പരിപാടിക്കും അധ്യക്ഷ പദവി കിട്ടേണ്ടത് തനിക്കാണ്. എന്നാല്‍ താന്‍ മുഖ്യാതിഥിയോ വിശിഷ്ടാതിഥിയോ ആയിരിക്കും. കാലങ്ങളായി ഇങ്ങനെയാണ് കാര്യങ്ങള്‍. മറ്റുപലരും ഇതൊന്നും ചോദിച്ചിട്ടുണ്ടാകില്ല. പ്രോട്ടോക്കോള്‍ പ്രകാരം ഡെപ്യൂട്ടി സ്പീക്കറുടെ അതേനിലയിലാണ് മേയര്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയാല്‍ പോലും ഇവിടെ വന്നാല്‍ സ്വീകരിക്കേണ്ട ആള്‍ മേയറാണ്. പ്രോട്ടോക്കോള്‍ പ്രകാരം കാര്യങ്ങള്‍ ഇങ്ങനെയല്ലെങ്കില്‍ അധികൃതര്‍ തന്നെ ബോധ്യപ്പെടുത്തട്ടെ - മേയര്‍ എംകെ വര്‍ഗ്ഗീസ് പറഞ്ഞു.  

പോലീസ് ഉദ്യോഗസ്ഥര്‍ തനിക്ക് സല്യൂട്ട് നല്‍കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന മേയര്‍ വര്‍ഗ്ഗീസിന്റെ പരാതി നേരത്തെ വലിയ വിവാദമായിരുന്നു.

content highlgihts: thrissur mayor mk varghees photo controversy