വെടിക്കെട്ടുപുര നിന്നിരുന്നിടത്തെ തീയണയ്ക്കുന്ന അഗ്നിരക്ഷാസേന | ഫോട്ടോ: ജെ. ഫിലിപ്പ്/ മാതൃഭൂമി
കുണ്ടന്നൂർ(വടക്കാഞ്ചേരി): കുണ്ടന്നൂർ തെക്കേക്കരയിലെ വെടിക്കെട്ടുപുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പരിക്കേറ്റ കാവശ്ശേരി സ്വദേശി മണികണ്ഠന്‍ (55) മരിച്ചു. പൊള്ളലേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. ഒരു മിനിറ്റിന്റെ വ്യത്യാസത്തിൽ പ്രകമ്പനം കൊള്ളിക്കുന്ന രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഭൂചലനമാണെന്ന് ആദ്യം പലരും കരുതി. ശിവകാശിയിൽനിന്നുള്ള അനേകം തൊഴിലാളികളുണ്ടായിരുന്നെങ്കിലും തൊട്ടുമുമ്പ് അവരെല്ലാം കുളിക്കാൻ പോയിരുന്നു. മണികണ്ഠനും അവരുടെകൂടെ പോയിരുന്നെങ്കിലും സോപ്പ് എടുക്കാൻ മറന്ന് തിരിച്ചു വരുകയായിരുന്നുവെന്ന് പറയുന്നു. അപ്പോൾ വെടിക്കെട്ടുപുരയിൽ തീപ്പൊരി കണ്ട മണികണ്ഠൻ വെള്ളമൊഴിക്കുകയും അമിട്ടിന്റെ കളർഗുളികകൾ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ജില്ലയിലെ പ്രധാന വെടിക്കെട്ട് കരാറുകാരനായ കുണ്ടന്നൂർ സുന്ദരാക്ഷന്റെ സ്ഥലത്താണ് പടക്കനിർമ്മാണശാല. എന്നാൽ, കുണ്ടന്നൂരിലെ ശ്രീനിവാസന്റെ പേരിലാണ് ലൈസൻസ്. സമീപത്തെ പൂരങ്ങൾക്കും പെരുന്നാളുകൾക്കുമുള്ള വെടിക്കോപ്പുകളാണ് ഇവിടെ നിർമ്മിച്ചിരുന്നത്. കുണ്ടന്നൂർ കർമലമാതാ പള്ളിക്കു പിന്നിലെ വടക്കാഞ്ചേരിപ്പുഴയോരത്താണ് വെടിക്കെട്ടുപുരയുള്ളത്.
അപകടസ്ഥലത്ത് ശേഷിച്ചത് വലിയ കുഴി മാത്രമാണ്. പരിസരത്തെ തെങ്ങുകളെല്ലാം കത്തി.കുണ്ടന്നൂർ പള്ളിക്കും സ്കൂളിനും കേടു സംഭവിച്ചിട്ടുണ്ട്. പത്തു കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ ശബ്ദം ഭയപ്പാടുണ്ടാക്കി.
പ്രകമ്പനം 10 കിലോമീറ്റർ അകലെ വരെ
കുണ്ടന്നൂർ: സ്ഫോടനത്തിൽ കുണ്ടന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. ഒരു കിലോമീറ്റർ ചുറ്റളവിലെ എല്ലാ വീടുകളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പത്തു കിലോമീറ്റർ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടു.
സമീപത്തെ വലിയ കെട്ടിടങ്ങളായ കുണ്ടന്നൂർ കർമലമാതാ പള്ളിയിലും സമീപത്തെ കുണ്ടന്നൂർ സെയ്ന്റ് ജോസഫ് യു.പി. സ്കൂളിലും വലിയ നാശമുണ്ടായി. സ്കൂളിന്റെ മൂന്നുനിലക്കെട്ടിടത്തിലെ ചില്ലു കൊണ്ടുള്ള 68 ജനൽപ്പാളികൾ തകർന്നു. അലുമിനിയം ഫ്രെയിമുകളും ചില്ലുകളും സമീപത്തെ റോഡിൽ ചിതറിക്കിടക്കുകയാണ്.
പള്ളിയിലെ ചിത്രങ്ങൾ ആലേഖനംചെയ്ത ജനൽപ്പാളികളും മറ്റു ചില്ലു കൊണ്ടുള്ള ജനലുകളും അലങ്കാരങ്ങളും തകർന്നു. ചില്ലുകളും മറ്റു അവശിഷ്ടങ്ങളും നീക്കംചെയ്യേണ്ടതിനാൽ സ്കൂളിനും ചിൽഡ്രൻ ഗാർഡനും ചൊവ്വാഴ്ച അവധി നൽകിയിട്ടുണ്ടെന്ന് വികാരി ഫാ. ഷിന്റോ പാറയിൽ അറിയിച്ചു.
വടക്കാഞ്ചേരി: നിർമാണശാലയുടെ സമീപത്തുള്ള വീടുകളുടെ ചില്ലുകളെല്ലാം പൊട്ടിത്തകർന്നു. കുണ്ടന്നൂർ പരിസരമാകെ പേടിച്ചുവിറച്ചു. വീടിനകത്തുണ്ടായിരുന്ന സുവാനിയ എന്ന കുട്ടിയെ അബോധാവസ്ഥയിൽ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു.
ദുരന്തത്തിലേക്ക് മരുന്നിട്ട് ആ മറവി
പടക്കനിർമാണശാലയിലെ പണി കഴിഞ്ഞ് സഹ തൊഴിലാളികളോടൊപ്പം കുളിക്കാൻ പുഴയിൽ പോയ മണികണ്ഠൻ സോപ്പ് എടുക്കാൻ തിരികെ ശാലയിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്. ഉപയോഗിക്കാൻ അനുമതി കിട്ടുമെന്ന ധാരണയിൽ ആഘോഷത്തിനായി തയ്യാറാക്കിവെച്ചിരുന്ന വൻ പടക്കശേഖരമാണ് ഇവിടെയുണ്ടായിരുന്നത്. പടക്കം ഉപയോഗിക്കാൻ അനുമതി കിട്ടിയില്ല. തുടർന്ന് ഇവിടെത്തന്നെ സൂക്ഷിക്കുകയായിരുന്നു. അതോടൊപ്പം ചേലക്കര ഭാഗത്തുള്ള ഒരു ആഘോഷത്തിനായി തയ്യാറാക്കുന്ന പടക്കങ്ങളും ഉണ്ടായിരുന്നു. ഇവ രണ്ടും സ്ഫോടനത്തിന്റെ തീവ്രത കൂടാൻ കാരണമായി.
ആശ്വാസമായി മണികണ്ഠന്റെ വാക്കുകൾ; ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
വടക്കാഞ്ചേരി: കിലോമീറ്ററുകളോളം പ്രകമ്പനമുണ്ടാക്കിയ കുണ്ടന്നൂർ പടക്കനിർമാണശാലയിലെ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്റെ നൽകിയത് ആശ്വാസവാക്കുകൾ. പൂർണമായും തകർന്ന ശാലയിൽ ഉണ്ടായിരുന്ന മറ്റ് 15-ഓളം പണിക്കാരെപ്പറ്റിയാണ് രക്ഷാപ്രവർത്തകർ ആശങ്കപ്പെട്ടത്. എന്നാൽ, പൊട്ടിത്തെറിയുടെ സമയത്ത് ശാലയ്ക്കുള്ളിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റെല്ലാവരും പുഴയിൽ കുളിക്കാൻ പോയതായിരുന്നുവെന്നും മണി രക്ഷാപ്രവർത്തകരോട് പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മണി ഈ വിവരം രക്ഷാപ്രവർത്തകരെ അറിയിച്ചത്. ഇതോടെ രക്ഷാപ്രവർത്തകർക്ക് ആശ്വാസമായി.
ലൈസൻസ് 15 കിലോയ്ക്ക്; നിർമാണം ടൺ കണക്കിന്
തൃശ്ശൂർ: വെടിക്കെട്ടുശാലകൾക്ക് ജില്ലാ ഭരണകൂടം നൽകുന്ന ലൈസൻസ് പരമാവധി 15 കിലോ വെടിമരുന്ന് ഉപയോഗിക്കാൻ. നിലച്ചക്രവും പൂക്കുറ്റിയും മാത്രം നിർമിക്കാനുള്ള അനുമതിയാണ് മിക്ക വെടിക്കെട്ടുശാലകൾക്കും നൽകുക. എന്നാൽ, ഇതിന്റെ മറവിൽ നിർമിക്കുന്നത് ടൺ കണക്കിന് വെടിമരുന്ന് സാമഗ്രികൾ. കതിനമരുന്ന്, അമിട്ട്, ഗുണ്ട്, പടക്കങ്ങൾ എന്നിവയാണ് നിർമിക്കുന്നതിലേറെയും. പുറ്റിങ്ങൽ ക്ഷേത്ര അപകടം നടന്നതിനുശേഷം മുകളിലേക്കുപോകുന്ന വെടിക്കെട്ടുസാമഗ്രികൾ നിർമിക്കാനുള്ള അനുമതി ആർക്കും നൽകാറില്ല. തൃശ്ശൂർ പൂരത്തിന് മാത്രമാണ് ഇത്തരം അനുമതി നൽകുന്നത്. അതാകട്ടെ, കർശന പരിശോധന നടത്തിയ ശേഷമാണ് വെടിക്കെട്ടിന് അനുമതി നൽകുന്നതും.
ഇനി ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ദിനങ്ങളായതിനാൽ പരമാവധി വെടിക്കെട്ടുസാമഗ്രികൾ തയ്യാറാക്കുന്ന തിരക്കിലാണ് ലൈസൻസ് നേടിയവർ. ഇവിടങ്ങളിൽ പണിയെടുക്കുന്നവരാകട്ടെ, വെടിക്കെട്ടുപകരണങ്ങൾ തയ്യാറാക്കുന്നതിൽ സുരക്ഷാ മാനദണ്ഡവും വൈദഗ്‌ധ്യവും ഇല്ലാത്തവരുമാണ്. പണിക്കൂലി കുറച്ചു മതിയെന്നതിനാൽ അതിഥി തൊഴിലാളികളെയാണ് മിക്കയിടങ്ങളിലും ജോലിക്ക് നിർത്തുന്നത്. ഇവരുടെ പരിചയക്കുറവും ജാഗ്രതയില്ലായ്മയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
കുണ്ടന്നൂരിൽ ഇത് മൂന്നാം തവണ...
വടക്കാഞ്ചേരി: കുണ്ടന്നൂരിൽ മൂന്നാംതവണയാണ് നിർമാണസ്ഥലത്ത് പൊട്ടിത്തെറിയുണ്ടാകുന്നത്. വേലൂരിലും അത്താണിയിലും വർഷങ്ങൾക്കുമുമ്പ് നിർമാണകേന്ദ്രത്തിലെ സ്‌ഫോടനത്തിൽ നിരവധി മരണങ്ങളുണ്ടായിരുന്നു. ദുരന്തമുണ്ടായാൽ ഒരു മാസം കാര്യമായ പരിശോധനകൾ എല്ലാ വകുപ്പുകളും നടത്തും. പിന്നീട് ഒന്നുമുണ്ടാകാറില്ല.
ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, സ്റ്റേഷൻ ഓഫീസർ ടി.കെ. നിധീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അപകടസ്ഥലത്ത് കുതിച്ചെത്തിയ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി.എസ്. സിനോജ്, വടക്കാഞ്ചേരി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ. മാധവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ജനക്കൂട്ടത്തെ അപകടസ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ ഏറെ പ്രയാസപ്പെട്ടു.
എ.സി. മൊയ്തീൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാൽ തുടങ്ങിയവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തൃശ്ശൂർ എ.ഡി.എം. റെജി ജോസഫ്, തഹസിൽദാർ പി.ജി. നാരായണൻകുട്ടി തുടങ്ങിയവരും സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തിനിടയാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് എ.ഡി.എം. പറഞ്ഞു. ശ്രീനിവാസന്റെ ലൈസൻസ് സസ്‌പെൻഷൻ പിൻവലിച്ച് നൽകിയത് കോടതി ഉത്തരവിന്റെ പേരിലായിരുന്നുവെന്ന് അദ്ദേഹംസൂചിപ്പിച്ചു.
നിരോധിച്ച ഇനങ്ങൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല
വടക്കാഞ്ചേരി: സ്‌ഫോടനത്തിൽ ഒന്നും ശേഷിക്കാത്തതിനാൽ പടക്കനിർമാണശാലയിൽ പൊട്ടാസ്യം നൈട്രേറ്റ് ഉൾപ്പെടെയുള്ള നിരോധിച്ച ഇനങ്ങൾ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ലെന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സൂചിപ്പിച്ചത്. അമിട്ടിന്റെ ഗുളിക തയ്യാറാക്കുകയായിരുന്നു തൊഴിലാളികളെന്നാണ് കരുതുന്നത്.
നിരോധിത ഘടകങ്ങളൊന്നും ഉപയോഗിക്കുന്നില്ലെന്നാണ് വെടിക്കെട്ട് നിർമാണത്തൊഴിലാളി സംഘടനയുടെ സംസ്ഥാന ഭാരവാഹികൂടിയായ കുണ്ടന്നൂർ ജനാർദനൻ പറഞ്ഞത്. വൈദഗ്ധ്യമുള്ള ശിവകാശി തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് ഇവിടെ പണി നടന്നിരുന്നത്.
സുന്ദരാക്ഷന് ലൈസൻസില്ല
കുണ്ടന്നൂർ സുന്ദരാക്ഷന് നിലവിൽ ലൈസൻസില്ല. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ശ്രീനിവാസന്റെ ലൈസൻസ് സസ്‌പെൻഷനിലായിരുന്നു. അടുത്തകാലത്ത് വീണ്ടും ലൈസൻസ് അനുവദിച്ചു. വെടിക്കെട്ട് നിർമാണസ്ഥലത്തിന് അഗ്നിരക്ഷാസേനയുടെ വരെ ലൈസൻസ് ആവശ്യമാണ്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ പരിശോധനയൊന്നും പതിവില്ല.
രണ്ടുപേർ കസ്റ്റഡിയിൽ
വെടിക്കെട്ട് നിർമാതാക്കളായ കുണ്ടന്നൂർ ശ്രീനിവാസൻ, സുന്ദരാക്ഷൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ശിവകാശിയിൽനിന്നുള്ള വിദഗ്ധരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
വെടിക്കെട്ട് ഗ്രാമം
ജില്ലയിൽ കൂടുതൽ വെടിക്കെട്ട് കരാറുകാരുള്ള ഗ്രാമമാണ് കുണ്ടന്നൂർ. പ്രശസ്തനായ വെടിക്കെട്ട് കലാകാരൻ കുണ്ടന്നൂർ സുന്ദരൻ തൃശ്ശൂർ പൂരം വെടിക്കെട്ട് അപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം ശബരിമലയിലുണ്ടായ കതിന അപകടത്തിലും കുണ്ടന്നൂർ സ്വദേശിയുടെ പേരിലായിരുന്നു ലൈസൻസ്.
വിയർപ്പുതുള്ളിപോലും വീഴരുത്
അലുമിനിയം പൊടി ഉൾപ്പെടെയുള്ള വെടിമരുന്ന് മിശ്രിതങ്ങൾ കത്തിത്തുടങ്ങുംമുൻപ് വിയർപ്പുതുള്ളിപോലും വീഴാതെ നോക്കണം. മിശ്രിതത്തിലേക്ക് വെള്ളം വീഴുമ്പോൾ വല്ലാതെ ചൂടാകും. ഇതുമൂലമുണ്ടാകുന്ന കടുത്ത ഊർജമാണ് സ്ഫോടനത്തിനിടയാക്കുന്നത്. ഉദാഹരണത്തിന് അലുമിനിയം പൊടിയിലേക്ക് വെള്ളമൊഴിച്ചാൽ അത് അലുമിനിയം ഹൈഡ്രോക്സൈഡായി മാറും. ഈ സമയത്ത് വലിയ ഊർജം പുറന്തള്ളപ്പെടുകയും സ്ഫോടനമുണ്ടാകുകയും ചെയ്യും. ബേരിയം ഓക്സൈഡ്, കാൽസ്യം ഓക്സൈഡ് എന്നിവയിലേക്ക് വെള്ളമൊഴിച്ചാലും ഇതുതന്നെയാണ് സംഭവിക്കുക. അതേസമയം തീ കത്തിപ്പിടിച്ചാൽ വെള്ളമൊഴിക്കാം
- പ്രൊഫ. കെ.ആർ. ജനാർദനൻ പ്രമുഖ രസതന്ത്രജ്ഞൻ
Content Highlights: thrissur kundanoor fire cracker factory blast details no licence earthquake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..