പിടിയിലായ പ്രതിയുമായി എക്‌സൈസ് സംഘം| ഫൊട്ടൊ: കേരള പോലീസ്
തൃശ്ശൂര്‍: നാല് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കാസര്‍കോട് സ്വദേശി അബ്ദുല്‍സലാമാണ് തൃശ്ശൂര്‍ എക്‌സൈസിന്റെ പിടിയിലായത്.
ദേശീയപാതയിലെ വാഹനപരിശോധനക്കിടെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെയും യുവതികളെയും തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതില്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ലക്ഷണങ്ങള്‍ കാണുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും അബ്ദുല്‍സലാം പിടിയിലായത്.
1/2ഗ്രാം എംഡിഎംഎയ്ക്ക് ചില്ലറ വിപണിയില്‍ 3500 രൂപയാണ് വില. ഒറ്റത്തവണ ഒരു മില്ലിഗ്രാം ഉപയോഗിച്ചാല്‍ 12 മണിക്കൂറില്‍ അധികം ഇതിന്റെ ലഹരി നില്‍ക്കുമെന്നതും യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാവുകയാണ്. ലോക്ഡൗണ്‍ കാലത്തുണ്ടായ തൊഴില്‍രാഹിത്യമാണ് മയക്കുമരുന്ന് വിപണന മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സിനിമാ മേഖലയില്‍ ഉള്ളവര്‍ക്ക് മയക്കുമരുന്ന് വില്‍ക്കുന്നുണ്ടോ, നിശാപാര്‍ട്ടികളില്‍ സിനിമാ മേഖലിയില്‍ ഉള്ളവരുടെ സാന്നിധ്യം ഉണ്ടോ എന്നുള്ളകാര്യങ്ങള്‍ എക്‌സൈസ് അന്വേഷിച്ചുവരുകയാണ്.
തൃശ്ശൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരിനന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ ശിവശങ്കരന്‍, സജീവ്, സതീഷ്‌കുമാര്‍, സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ഷാജു, സനീഷ്‌കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയവരുടെ സംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: Thrissur Excise team nabs man with MDMA
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..