പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ.
തൃശ്ശൂര്‍: കഴിഞ്ഞ ഓണക്കാലത്ത് എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നല്‍കി തൃശൂര്‍ എക്‌സൈസ് ഓഫീസ് മാതൃകയായി.
സാനിറ്റൈസര്‍ വിതരണത്തിനായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് ഡെപ്യൂട്ടി ഡി.എം.ഒ. കെ.എന്‍. സതീഷിന് കൈമാറി.
എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിനിടെയാണ് എക്‌സൈസ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. തുടര്‍ന്ന് കോടതി നടപടികള്‍ക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ എക്‌സൈസ് കമ്മീഷണര്‍ ഈ 1000 ലിറ്റര്‍ സ്പിരിറ്റ് സാനിറ്റൈസര്‍ ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റര്‍ സാനിറ്റൈസറാക്കി മാറ്റിയത്.
സ്പിരിറ്റില്‍ നിന്നുല്‍പ്പാദിപ്പിച്ച സാനിറ്റൈസര്‍ ജില്ലയിലെ 2 ജനറല്‍ ആശുപത്രികള്‍, 2 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 25 സി.എച്ച്.സികള്‍, 79 പി.എച്ച്.സികള്‍, ജില്ലയിലെ സി.എഫ്.എല്‍.ടി.സികള്‍ എന്നിവയ്ക്കാണ് വിതരണം ചെയ്യുക. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. എക്‌സൈസ് കമ്മീഷണര്‍ വി.എ. സലിം, എക്‌സൈസ് വിമുക്തി കോര്‍ഡിനേറ്റര്‍ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..