തൃശ്ശൂർ നഗരസഭയിൽ നടന്ന കൈയാങ്കളി
തൃശ്ശൂര്‍: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കൈയാങ്കളി. മേയര്‍ എം.കെ. വര്‍ഗീസിനെ പ്രതിപക്ഷാംഗങ്ങള്‍ തടഞ്ഞുവെച്ചു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയല്‍ ചര്‍ച്ചയ്ക്ക് നല്‍കിയില്ലെന്നാരോപിച്ചാണ് നഗരസഭയില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയത്.
ബിനി ടൂറിസ്റ്റ് ഹോമിന്റെ നിര്‍മാണം, നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോർപറേഷന്‍റെ കീഴിലായിരുന്നു. എന്നാല്‍ അടുത്തിടെ കോര്‍പ്പറേഷന്‍ അധികാരികള്‍ കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കു വയ്ക്കാതെ ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തി. അറ്റകുറ്റപ്പണികള്‍ക്കിടെ ചില സ്വകാര്യ വ്യക്തികള്‍ അതിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
തുടര്‍ന്ന് ബിനി ടൂറിസ്റ്റ് ഹോമിന്റെ സ്വത്തുവകകള്‍ കൊണ്ടുപോയവരെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഫയലുകളെക്കുറിച്ചും പ്രതിപക്ഷം വ്യക്തത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യം തിങ്കളാഴ്ച കൗണ്‍സിലില്‍ ചര്‍ച്ചയ്ക്കുവെച്ചിരുന്നു. പക്ഷേ, ചര്‍ച്ചയില്‍ ഏറ്റവും അവസാനത്തെ അജന്‍ഡയായാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയത്. ചര്‍ച്ചയിലെ 96-ാമത്തെ അജന്‍ഡയായിരുന്നു ഇത്. രാവിലെ മുതല്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷം നിരന്തരമായി ഇതേക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഭരണപക്ഷം പ്രതികരിച്ചില്ല. ഉച്ച കഴിഞ്ഞിട്ടും ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ചര്‍ച്ചയില്ലാതെ വന്നതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ ചര്‍ച്ച ഇനി മുന്നോട്ടുപോവില്ലെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നു. ഇത് പരസ്പരം വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും കടന്നു. ഇതോടെ മേയര്‍ കൗണ്‍സില്‍ പിരിച്ചുവിടാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് പ്രതിപക്ഷം മേയറുടെ ഡയസിനു മുകളില്‍ കയറുകയും മേയറെ പുറത്തുപോകാന്‍ കഴിയാത്തവിധം തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനായി ഭരണപക്ഷ അംഗങ്ങളും മേയറുടെ ഡയസിന് അടുത്തെത്തി. പിന്നാലെ ഭരണപക്ഷം മേയറെ ഇറക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തി. ഇത് പരസ്പരം കൈയാങ്കളിയിലേക്ക് നീങ്ങി. ഏറ്റുമുട്ടലില്‍ മേയര്‍ താഴെ വീഴുകയും ചെയ്തു.
ടൂറിസ്റ്റ് ഹോം അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പൊളിക്കലില്‍ കോര്‍പ്പറേഷന് ഏകദേശം മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. അതിന്റെ ഭാഗമായാണ് വലിയ പ്രതിഷേധമുണ്ടായത്.
Content Highlights: thrissur corporation issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..