കോഴിക്കോട്: ആരോരുമില്ലാത്ത കാഴ്ചശേഷിയില്ലാത്ത യുവതിയെ വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്ത് 60 കാരന്‍ മുങ്ങി. രണ്ട് ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും കൈക്കലാക്കിക്കൊണ്ടാണ് ഇയാൾ മുങ്ങിയത്. തൃശ്ശൂര്‍  സ്വദേശിനിയായ യുവതിയേയാണ് വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ കട്ടച്ചാൽ സ്വദേശി പ്രകാശ് കുമാര്‍ ഉപേക്ഷിച്ചത്. യുവതിയുടെ പരാതിയിൽ പീച്ചി പോലീസ് പ്രകാശ് കുമാറിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിട്ടുണ്ട്.

വാട്‌സാപ്പ് വഴിയാണ് യുവതിയും പ്രകാശ് കുമാറും പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും പിന്നീട് സ്‌നേഹപൂര്‍വമായ പെരുമാറ്റം കണ്ട് തന്നെ വിവാഹം കഴിക്കുമെന്നും സംരക്ഷിക്കുമെന്നുമുള്ള ഉറപ്പിന്‍മേലാണ് ഇവർ പ്രകാശ് കുമാറിനൊപ്പം പോകുന്നത്. 2020 ജൂണ്‍ പത്തിനായിരുന്നു സംഭവം. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ബന്ധുക്കളാരും തന്നെ തിരിഞ്ഞുനോക്കാനില്ലാത്തതിനാലും സ്‌നേഹവും സംരക്ഷണവും നല്‍കുമെന്ന് ഒരാള്‍ വിശ്വസിപ്പിച്ചപ്പോള്‍ കൂടെ പോകുകയായിരുന്നുവെന്ന് യുവതി പറയുന്നു.

ആദ്യം സുഹൃത്തുക്കളുടെ മുറികളാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടാണ് പരിചിതമല്ലാത്ത സ്ഥലങ്ങളിലേക്ക് തന്നെ ആദ്യം കൊണ്ടു പോയതെന്ന് യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ ഇത്തരം ഒരു ജീവിതത്തിന് തയ്യാറല്ലെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞതിനെത്തുടര്‍ന്ന് എറണാകുളം വൈറ്റിലയിലെ ഫ്‌ളാറ്റിലേക്ക് ഇരുവരും ഒക്ടോബറില്‍ താമസം മാറി. പിന്നീട് തൃശ്ശൂരിലെ വാടകവീട്ടിലേക്കും താമസം മാറി.

എന്നാല്‍ അഡ്വാന്‍സും വാടകയുമെല്ലാം ഇയാള്‍ യുവതിയെക്കൊണ്ട് തന്നെ അടപ്പിച്ചു. വാടക എഗ്രിമെന്റ് വരെ യുവതിയുടെ പേരിലായിരുന്നു. 

"വാടകക്കാശിനോ മറ്റ് ചെലവുകള്‍ക്കോ ഒന്നും പ്രകാശ് കാശൊന്നും ചെലവാക്കാതെ എന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ചൂഷണം ചെയ്യപ്പെടുകയാണെന്ന വിവരം പതിയെ ഞാന്‍ തിരിച്ചറിയുന്നത്", യുവതി മാതൃഭൂമി‍‌‍‍ഡോട്ട് കോമിനോട് പറഞ്ഞു. വിവാഹം നിമയപരമാക്കണമെന്ന് ആവശ്യപ്പെട്ടതോടെ ആധാറില്ലെന്ന കള്ളം പറഞ്ഞ് നീട്ടിക്കൊണ്ടുപോവുകയും പിന്നീട് 2021 ജനുവരിയോടെ ഇയാള്‍ തന്നെ ഒറ്റക്കാക്കി കടന്നു കളയുകയായിരുന്നുവെന്നും ഇവർ പറയുന്നു.

പ്രകാശ് വീട്ടില്‍ നിന്ന് അപ്രത്യക്ഷനായ ശേഷമാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം യുവതി അറിയുന്നത്. വീട്ടിലും ബാങ്കിലുമായി അവർ  ഇത്രനാൾ കൊണ്ട് സ്വരൂപിച്ചുവെച്ചിരുന്ന തുകയും അയാൾ കൈക്കലാക്കുകയായിരുന്നുവെന്ന പോലീസും പറഞ്ഞു. വഞ്ചനാക്കുറ്റത്തിന് പുറമെ മോഷണത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.

"കൂടെയുണ്ടായിരുന്ന നാളുകളില്‍ എന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ചിരുന്നത് പ്രകാശായിരുന്നു. എനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു. കണ്ണുകാണാത്തതിനാല്‍ എത്ര തുകയാണ് ഓരോതവണയും പിന്‍വലിച്ചതെന്ന് റെസീപ്റ്റ് നോക്കി തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പല ആവശ്യങ്ങൾ പറഞ്ഞപ്പോൾ വള ഊരിക്കൊടുത്തിരുന്നു. ഇതൊന്നും കൂടാതെയാണ് ബാക്കിയുള്ള പണവും സ്വർണവും കൂടി അപഹരിച്ച് ഇയാൾ മുങ്ങിയത്",  യുവതി സങ്കടം പങ്കുവെച്ചു. 

പിന്നീട് പ്രകാശ് കുമാറിനെകുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇയാള്‍ വിവാഹത്തട്ടിപ്പും സാമ്പത്തിക തട്ടിപ്പുമെല്ലാം നടത്തി വര്‍ഷങ്ങള്‍ക്കു മുമ്പെ നാട്ടുവിട്ടയാളാണെന്ന് മനസ്സിലാക്കി. തുടര്‍ന്നാണ് പീച്ചി പോലീസ് സ്‌റ്റേഷനില്‍  പരാതി നല്‍കുന്നത്.

എന്നാല്‍ പരാതി നല്‍കിയതോടെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിളിയാണെന്നും ഭീഷണിയുണ്ടെന്നും യുവതി പറയുന്നു. സഹായത്തിനാരുമില്ലാതെ പുറത്തേക്കുള്ള കതകുകളെല്ലാം അടച്ച് ഭയന്നു വിറച്ചാണ് ഇവർ വീടിനുള്ളില്‍ കഴിയുന്നത്. സാമൂഹിക ക്ഷേമ പെൻഷൻ വഴി ലഭിക്കുന്ന 1600 രൂപ മാത്രമാണ് ഏക വരുമാനം. വാടകയായി 3000 രൂപയോളം നൽകണം. സുഹൃത്തുക്കൾ ചെറിയ രീതിയിൽ സഹായിക്കുന്നുണ്ടെങ്കിലും എത്രനാൾ മുന്നോട്ടുപാകാനാകുമെന്നത് ആശങ്കപ്പെടുത്തുന്നു. 

തനിക്ക് സുരക്ഷ നല്‍കണമെന്നും ഇയാള്‍ മോഷ്ടിച്ചെടുത്ത ആഭരണവും പണവും മടക്കിത്തരണമെന്നും ആവശ്യപ്പെട്ട് പോലീസിലും വനിതാ കമ്മീഷനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. കേസ് കൊടുത്താൽ തനിക്കൊരു പ്രശ്നമില്ലെന്നും അതിന് കാലങ്ങളെടുക്കുമെന്നും വെല്ലുവിളിച്ചാണ് ഇയാൾ വനിതാ കമ്മീഷൻ വിളിച്ച സിറ്റിങ്ങിൽ വെച്ച് ഇറങ്ങിപ്പോയതെന്നും യുവതി പറഞ്ഞു.

എടിഎമ്മിലെ കാശിൽ ഭൂരിഭാഗവും അയാൾ വഞ്ചിച്ച് കൈക്കലാക്കി. ആകെയുണ്ടായിരുന്ന സ്വർണവും അയാൾ അപഹരിച്ചു. കേസും പ്രശ്നവുമായതിനാൽ വാടക വീടൊഴിയണമെന്നാണ് ഉടമ പറയുന്നത്. കയ്യിൽ പണമില്ലാതെ സഹായിക്കാൻ കുടുംബം പോലുമില്ലാതെ പെരുവഴിയിലേക്കിറങ്ങേണ്ട ഗതികേടിലാണിവർ.  ജീവിക്കാനായി ഒരു ഇടം അടക്കം സുമനസ്സുകളുടെ സഹായം തേടുകയാണിവർ.