എം.സ്വരാജ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം |ഫോട്ടോ:മാതൃഭൂമി
കൊച്ചി: തൃപ്പൂണിത്തുറിയില്‍ എം.സ്വരാജ് തോറ്റത് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ച മൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ട്. തൃക്കാക്കരയിലും മണ്ഡലം കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിിയിട്ടുണ്ട്.
കെ.ബാബുവിനോട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.സ്വരാജ് 992 വോട്ടുകള്‍ക്കാണ് തൃപ്പൂണിത്തുറയില്‍ പരാജയപ്പെട്ടത്. കൂടാതെ തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലെ തോല്‍വി പഠിക്കാനും അന്വേഷണ കമ്മീഷനെ സിപിഎം നിയോഗിച്ചിരുന്നു.
സിപിഎമ്മിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകള്‍ക്ക് അപ്പുറത്ത് നിന്ന് സ്വരാജിന് വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ല. ഇതാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.
ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. മണ്ഡലത്തിലെ ചിലര്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. ഇത് വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കല്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജെ.ജേക്കബ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. അടുത്ത മാസം പകുതിയോടെ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും കൈമാറുമെന്നാണ് സൂചന. പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും സ്ഥാനാര്‍ഥിയില്‍ നിന്നും കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു.
തൃപ്പൂണിത്തുറയിലെ തോല്‍വി സിപിഎമ്മിന് ഏറെ ആഘാതമുണ്ടാക്കിയിരുന്നു. സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ മത്സരം നടന്നിരുന്നു മണ്ഡലങ്ങളിലൊന്നായിരുന്നു ഇത്. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞുവെന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇത് യാഥാര്‍ഥ്യമാണെന്നതില്‍ സംശയമില്ലെന്നും എന്നാല്‍ പാര്‍ട്ടി വോട്ട് ചോര്‍ച്ച തോല്‍വിയുടെ പ്രധാന കാരണമായെന്നുമാണ് കമ്മീഷന്‍ കണ്ടെത്തല്‍.
തോല്‍വിയില്‍ ഏതെങ്കിലും അംഗങ്ങള്‍ക്കെതിരെ നടപടി വേണ്ടതുണ്ടോ എന്നതടക്കം റിപ്പോര്‍ട്ടില്‍ ഉണ്ടാകുമെന്നാണ് സൂചന.
തൃക്കാക്കരയില്‍ മണ്ഡലം കമ്മിറ്റിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. ഇവിടുത്തെ തെളിവെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ രണ്ട് ദിവസം കൂടി തെളിവെടുപ്പ് നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്ക് കടക്കുക.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..