കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരിക്കാന്‍ കഴിയാത്തതിന് കാരണം തന്റെ ജാതിയാണെന്നും ജാതിയാണ് ഏറ്റവും വലിയ പ്രശ്നമെന്നും ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍. അജിത ബീഗമോ, അജിതാ സ്റ്റാന്‍ലിയോ, അജിതാ നായരോ ആയിരുന്നെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

ചെയര്‍പേഴ്സന്റെ മുറിയുടെ പൂട്ടു നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയാണ് കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായത്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും കാക്കനാട്ടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുകയുമാണ്. തുടര്‍ന്നായിരുന്നു ചെയര്‍ പേഴ്സണിന്റെ പ്രതികരണം. 

" എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആക്രമിച്ചത്. ഡയസിലേക്ക് ഓടി വരുകയും എന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് ചവിട്ടുകൂട്ടുമെന്നും പറഞ്ഞ് അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് എന്റെ കവിളത്ത് അടിച്ചത്. അപ്രതീക്ഷിതമായി അടി കിട്ടിയതോടെ നിലത്ത് വീഴുകയും തല ഇടിക്കുകയുമായിരുന്നു. എപ്പോഴും പ്രശ്നമുണ്ടാക്കുകയാണ്. പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിന് മുമ്പ്  മുതല്‍ പല കാര്യങ്ങളും പോട്ടെ, പോട്ടെ എന്നാണ് വിചാരിച്ചിരുന്നത്. അങ്ങനെ വിചാരിച്ചതാണ് എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. അവിടെ കസേരയില്‍ ഇരിക്കാനോ ഭരിക്കാനോ പ്രതിപക്ഷം സമ്മതിക്കില്ല. അതിന് കാരണം എന്റെ ജാതിയാണ്. എന്റെ പേര് അജിത ബീഗമോ, അജിതാ സ്റ്റാന്‍ലിയോ, അജിതാ നായരോ ആയിരുന്നെങ്കിലോ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അജിതക്കൊപ്പം 'തങ്കപ്പന്‍' എന്നതാണ് യഥാര്‍ഥ പ്രശ്നങ്ങള്‍ക്ക് കാരണം" - ചെയര്‍പേഴ്സണ്‍ പറഞ്ഞു. 

ജാതി വലിച്ചിഴക്കണമെന്നോ ജാതി പേരില്‍ കിട്ടണമെന്നോ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. ജാതി പറഞ്ഞ് ഇത്തരം പ്രതിഷേധങ്ങളേ നേരിടണമായിരുന്നെങ്കില്‍ ആദ്യം പ്രശ്നം ഉണ്ടാകുമ്പോള്‍ തന്നെ ചെയ്യണമായിരുന്നു. ആദ്യത്തെ തവണ പ്രശ്നം ഉണ്ടാകുമ്പോഴും എന്റെ ജാതി പേര് പറഞ്ഞ് വിളിച്ച് മേശയില്‍ അടിക്കുകയും കൈ തിരിച്ച് പിടിച്ച് വലിക്കുകയുമായിരുന്നു ചെയ്തത്. പ്രതിപക്ഷ കൗണ്‍സിലര്‍മാരുമായി വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. കഴിഞ്ഞ ഭരണകാലത്തോ അതിന് മുന്‍പത്തെ തവണയോ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം. അന്നൊന്നും ഇല്ലാത്ത പ്രശ്നങ്ങള്‍ ഇപ്പോള്‍ മാത്രം ഉണ്ടാകുന്നതിന് കാരണം തന്റെ ജാതിയാണെന്നും അവര്‍ പറഞ്ഞു. 

ജാതിയില്‍ ഞാന്‍ അഭിമാനിക്കുന്നു. പക്ഷേ ജാതിപ്പേര് പറഞ്ഞ് ഞാന്‍ മുതലെടുക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജാതിപ്പേര് പറഞ്ഞ് ഞാന്‍ മുതലെടുക്കുന്നു എന്ന ചിന്ത മറ്റ് ആരിലും ഉണ്ടാകാതിരിക്കണെന്നും ആഗ്രഹിക്കുന്ന ആളാണ്. അതുകൊണ്ടാണ് ഇത്രയും കാലവും നഗരസഭക്ക് അകത്ത് തനിക്ക് നേരെ നടന്ന ജാതീയ അധിക്ഷേപങ്ങളെപ്പറ്റി പുറത്ത് പറയാതിരുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ചെയര്‍പേഴ്സണിന്റെ കസേരയില്‍ തന്നെ ഇരിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ ഇരിക്കുന്നിടത്തോളം അന്തസ്സോടെ ഇരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അജിത തങ്കപ്പന്‍ പറഞ്ഞു. 

ഇതിനിടെ തൃക്കാക്കര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടായ സംഭവത്തില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റിലായി. ഇടത് കൗണ്‍സിലര്‍ ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി. ബിജു എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്സണിന്റേയും ഇടത് കൗണ്‍സിലര്‍മാരുടെയും പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം നഗരസഭയില്‍ ചെയര്‍പേഴ്സണിന്റെ ഏകാധിപത്യ ഭരണമെന്നാരോപിച്ച് ഇടത് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയാണ്.

Content Highlights: Thrikkakara municipality chairperson Ajitha Thankappan raise allegations against LDF