തൃക്കാക്കര നഗരസഭ, ചെയർപേഴ്സൺ അജിത തങ്കപ്പൻ
കൊച്ചി: തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരേ സെക്രട്ടറിയുടെ പരാതി. ജീവന് അപകടത്തിലാണെന്ന് നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍ പറഞ്ഞു. ചെയര്‍പേഴ്സന്റെ ചേംബറില്‍വെച്ച് മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ഷാജി വാഴക്കാല തന്നെ ഭീഷണിപ്പെടുത്തിയെന്ന് അനില്‍കുമാര്‍ പോലീസില്‍ പരാതി നല്കി. 'മുന്‍ സെക്രട്ടറിയെ കാബിനുള്ളില്‍ അടച്ചിട്ട് മര്‍ദിച്ച സംഭവം ഇവിട ഉണ്ടായിട്ടുണ്ട്' എന്നു പറഞ്ഞ് ഷാജി വാഴക്കാല ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
വെള്ളിയാഴ്ചയാണ് അനില്‍ ജീവന് ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയത്. നഗരസഭ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിരുന്നു.
തൃക്കാക്കര നഗരസഭയില്‍ ഭരണപക്ഷവും നഗരസഭാ സെക്രട്ടറിയും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. നഗരസഭാ ഭരണം അട്ടിമറിക്കാന്‍ സെക്രട്ടറി പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നുവെന്ന പരാതിയുമായി ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിനില്‍ക്കേ, നിയമാനുസൃതം നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ സെക്രട്ടറി ഒപ്പിടാതെ മാറ്റിവെയ്ക്കുകയാണെന്ന് നഗരകാര്യ ഡയറക്ടര്‍ക്ക് ചെയര്‍പേഴ്സണ്‍ നല്കിയ പരാതിയില്‍ അറിയിച്ചു. നിരന്തരമായി അവധിയെടുക്കുന്നു, പങ്കെടുക്കുന്ന കൗണ്‍സില്‍ യോഗങ്ങളിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്നു, കൃത്യമായി ഓഫീസില്‍ വരാത്തതിനാല്‍ പദ്ധതിവിഹിതത്തിന്റെ 18 ശതമാനം തുക മാത്രമേ നഗരസഭയ്ക്ക് ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി തൃക്കാക്കര നഗരസഭയില്‍ ഭരണസ്തംഭനത്തിനും പദ്ധതിവിഹിതം പാഴാക്കിക്കളയുന്നതിനുമുള്ള ശ്രമം സെക്രട്ടറി നടത്തുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലുള്ളത്. സെക്രട്ടറിയെ തത്സ്ഥാനത്തുനിന്ന് മാറ്റി നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടു.
ഇതോടെ തൃക്കാക്കര നഗരസഭയില്‍ പ്ലാന്‍ ഫണ്ട് ചെലവഴിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ചെയര്‍പേഴ്സണും സെക്രട്ടറിയും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങിയിരിക്കുകയാണ്.
Content Highlights: thrikkakara corporation, chairperson secretary clash
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..