തൃക്കാക്കര നഗരസഭ, ചെയർപേഴ്സൺ അജിത തങ്കപ്പൻ
കൊച്ചി: തന്റെയോ സെക്രട്ടറിയുടേയോ വീട്ടിലെ കാര്യത്തിനല്ല പൊതുജനങ്ങള്‍ക്ക് വേണ്ടിയാണ് സേവനം ലഭ്യമാക്കേണ്ടതെന്നും അവരുടെ കാര്യമാണ് സെക്രട്ടറി അവതാളത്തിലാക്കുന്നതെന്നും ആരോപിച്ച് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണിനെതിരായ, നഗരസഭ സെക്രട്ടറിയുടെ പരാതിക്കെതിരേ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സെക്രട്ടറിയുടെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്യുകയും നിയമാനുസൃതം നടത്തിയ പ്രവൃത്തികളുടെ ബില്ലുകള്‍ സെക്രട്ടറി ഒപ്പിടാതെ ഇനിയും മാറ്റിവെക്കുകയാണെങ്കില്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞതോടെയുമാണ് തനിക്കെതിരേ പരാതി നല്കി സെക്രട്ടറി മുഖം രക്ഷിക്കാന്‍ നോക്കുന്നതെന്നും അജിത തങ്കപ്പന് പറഞ്ഞു.
'എപ്പോള്‍ ക്യാബിനിലേക്ക് വന്നാലും രണ്ട് ഫോണുമായാണ് സെക്രട്ടറി വരാറുള്ളത്. ഒന്ന് ക്യാമറ ഓണ്‍ ചെയ്ത് എനിക്ക് നേരെ തിരിച്ചിട്ടുണ്ടാകും. അപ്പോള്‍ പിന്നെ ക്യാമറ ഓണ്‍ ആണെന്ന് അറിഞ്ഞുകൊണ്ട് മോശമായി വര്‍ത്തമാനം പറയാന്‍ ഞാന്‍ നില്‍ക്കില്ലല്ലോ. സെക്രട്ടറി ഒരിക്കലും അത് ചെയ്യാന്‍ പാടില്ലാത്തതാണ്. ലൈഫ് പദ്ധതിയുടെ പ്ലാന്‍ ഫണ്ടെല്ലാമാണ് സെക്രട്ടറി ഒപ്പിടാത്തത് കാരണം അവതാളത്തിലായിരിക്കുന്നത്. ഇതൊന്നും മുന്നോട്ട് നീക്കാന്‍ സാധിക്കാതെ വട്ടം ചുറ്റിക്കുകയാണ് സെക്രട്ടറി' - അജിത തങ്കപ്പന് പറഞ്ഞു
കരാറുകാരുടെ റിവ്യൂ മീറ്റിങ് വിളിച്ചു. എന്നാല്‍ സെക്രട്ടറി പങ്കെടുക്കാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ക്യാബിന് പൂട്ടിപ്പോവുകയും ചെയ്യുകയായിരുന്നു. മീറ്റിങിന് ശേഷം സെക്രട്ടറിയെ ക്യാബിനിലേക്ക് വിളിക്കുകയും ഒപ്പിട്ട് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ സാധിക്കില്ലെന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. കാരണം ചോദിച്ചപ്പോള്‍ കീഴുദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ല- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഉദ്യോഗസ്ഥരെ അനുസരിപ്പിക്കാനുള്ള ഉത്തരവാദിത്തം സെക്രട്ടറിക്ക് ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഇങ്ങനെയേ പറ്റുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
ഫണ്ട് ഏറ്റവും കുറച്ച് ഉപയോഗിച്ചിരിക്കുന്നത് തൃക്കാക്കര നഗരസഭയാണ്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള നഗരസഭ തൃക്കാക്കരയാണ്. പക്ഷേ ഫണ്ട് വിഹിതം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. സെക്രട്ടറി ലീവ് എടുത്ത് പോയിക്കഴിഞ്ഞാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് തിരികെ വരുന്നത്. തിരികെ വന്നാലും ഇത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഓരോ ഫയലിലും കുറിപ്പ് എഴുതി മാറ്റിവെക്കുകയാണ് ചെയ്യുന്നത്. ഇനിയും ഫയലുകളില്‍ ഒപ്പിട്ട് ഫയല്‍ നീക്കിയില്ലെങ്കില്‍ ഡയറക്ടര്‍ക്ക് പരാതി കൊടുക്കുമെന്ന് പറഞ്ഞതോടെയാണ് തനിക്കെതിരേ പരാതിയുമായി സെക്രട്ടറി എത്തിയിരിക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
അദ്ദേഹത്തിന്റേതായ വോയിസ് മെസേജും ഉണ്ട്. അതില്‍ കൃത്യമായി എല്ലാകാര്യവും പറയുന്നുണ്ട്. വോയിസ് മെസേജ് പുറത്താകുമോ എന്ന് ഭയപ്പെട്ടാണ് സെക്രട്ടറിയുടെ ഇപ്പോഴുള്ള നീക്കം. ഇതിനെതിരേ നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അജിത തങ്കപ്പന് പറഞ്ഞു.
നേരത്തെ, തൃക്കാക്കര നഗരസഭാ സെക്രട്ടറി ബി. അനില്‍കുമാര്‍ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരേ പരാതി നല്‍കിയിരുന്നു.
വെള്ളിയാഴ്ചയാണ് ജീവന് ഭീഷണിയുണ്ടെന്ന് അനില്‍ പോലീസില്‍ പരാതി നല്‍കിയത്. നഗരസഭ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍ എന്നിവര്‍ക്കും പരാതി കൈമാറിയിരുന്നു.
Content Highlights: thrikkakara corporation chairperson against corporation secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..