ഉമാ തോമസ്, ഫാദർ വർഗീസ് വള്ളിക്കാട്ടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്, ഡോ. ജോ ജോസഫ് | Photo: Mathrubhumi, screen shot- www.facebook.com/vallikkatt
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സഭയെ ചുറ്റിപ്പറ്റി പാര്‍ട്ടികള്‍ നടത്തുന്ന വാക്‌പോരിനെതിരേ കെ.സി.ബി.സി. മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ട്. മതേതരത്വം പ്രസംഗിക്കുകയും മതം വെച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കെന്നാണ് വിമര്‍ശനം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞദിവസം തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. വൈദികന്റെ അടക്കം സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഫാദര്‍ വര്‍ഗീസ് വള്ളിക്കോട്ടിന്റെ കുറിപ്പ്. ഇടതു സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബാഹ്യഇടപെടലുണ്ടെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു. സീറോ മലബാര്‍ സഭയുടെ മുന്‍വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് കഴിഞ്ഞ ദിവസം ഇതിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. സീറോ മലബാര്‍ സഭയില്‍ മാത്രമല്ല, മറ്റ് ക്രൈസ്തവസഭകളിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്.
ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും പുരോഹിതരെയും സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു... ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലും വികസന സാധ്യതകളിലും തങ്ങള്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടികളുമല്ലേ യഥാര്‍ത്ഥത്തില്‍ അവര്‍ വിശദീകരിക്കേണ്ടത് ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാതി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, എളുപ്പവഴിയില്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കുമുള്ള തിരിച്ചു പോക്ക്. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊതു നന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണം.
Content Highlights: thrikkakara bypoll: kcbc former spokeperson on political parties remarks on church's role
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..