ഉമാ തോമസ് | ഫോട്ടോ - ബി. മുരളീകൃഷ്ണൻ|മാതൃഭൂമി
കൊച്ചി: തിരഞ്ഞെടുപ്പുകാലത്ത് മന്ത്രിമാര്‍ വന്ന് തൃക്കാക്കരക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍തന്നെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് ഉമാ തോമസ് എം.എല്‍.എ. പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മന്ത്രിമാര്‍ ഇവിടെ വന്ന് നേരിട്ടു മനസ്സിലാക്കിയിട്ടുണ്ട്. അന്ന് അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ എം.എല്‍.എ.യ്ക്ക് ഈ ആവശ്യങ്ങള്‍ക്കായി ചെറിയൊരു നീക്കം നടത്തിയാല്‍ മാത്രം മതിയാവും. പ്രതിപക്ഷ എം.എല്‍.എ. എന്നുപറഞ്ഞ് ആരെയും മാറ്റിനിര്‍ത്താനാവില്ല. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും എല്ലാവരും ജനങ്ങള്‍ക്കു വേണ്ടിയാണ് നില്‍ക്കുന്നത്. മാറ്റിനിര്‍ത്തിയാല്‍ അപ്പോള്‍ പ്രതികരിക്കുമെന്നും ഉമാ തോമസ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ മീറ്റ ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജോയുടെ ദുഃഖം
തിരഞ്ഞെടുപ്പില്‍ നടന്ന വ്യക്തിഹത്യയെക്കുറിച്ച് ജോ ജോസഫ് ഉന്നയിച്ച കാര്യങ്ങള്‍ മറ്റാരെക്കാളും എനിക്കാണ് മനസ്സിലാകുക. സമാനമായ അവസ്ഥയ്ക്ക് ആദ്യം ഇരയായ ആളാണ് ഞാന്‍. തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവേണ്ട വിഷയമല്ല ചര്‍ച്ചയായത്. ഭര്‍ത്താവ് മരിച്ചാല്‍ സതി അനുഷ്ഠിക്കുന്നതിനുപകരം തിരഞ്ഞെടുപ്പിലേക്ക് എടുത്തുചാടിയെന്ന കുറ്റമാണ് സൈബര്‍ പോരാളികള്‍ ആദ്യം എനിക്കെതിരേ ഉന്നയിച്ചത്. വ്യക്തികള്‍ നടത്തുന്ന അഭിപ്രായ പ്രകടനമായി അതിനെ തള്ളിക്കളഞ്ഞു. എന്നാല്‍, അതിനുശേഷം പി.ടി.യുടെ മരണത്തെ ജനങ്ങള്‍ക്ക് കിട്ടിയ സൗഭാഗ്യമായി മുഖ്യമന്ത്രിതന്നെ മണ്ഡലത്തിലെത്തി പറഞ്ഞു. വ്യക്തിപരമായി വിഷമിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ പിന്നീടും ഉണ്ടായി. തിരഞ്ഞെടുപ്പിനു ശേഷവും അതു തുടര്‍ന്നു. അതിനാല്‍ ജോ ഉന്നയിച്ച കാര്യം എനിക്ക് വ്യക്തമായി മനസ്സിലാവും. അത് ഉണ്ടാക്കിയവര്‍ ശിക്ഷിക്കപ്പെടണമെന്നുതന്നെയാണ് അഭിപ്രായം.
വൈറ്റിലയില്‍ ഇങ്ങനെയായിരുന്നില്ല വേണ്ടിയിരുന്നത്
വൈറ്റില ജങ്ഷനില്‍ പാലം വന്നിട്ടും ഗതാഗതക്കുരുക്കിന് പരിഹാരമില്ല. അവിടെ ഇത്തരമൊരു പദ്ധതിയായിരുന്നില്ല വേണ്ടിയിരുന്നത്. പി.ടി. തോമസ് എം.എല്‍.എ.യായിരുന്നപ്പോള്‍ വൈറ്റിലയ്ക്കു വേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, അത് പരിഗണിക്കാതെ പെട്ടെന്ന് നിര്‍മാണം നടത്തുകയായിരുന്നു. ഇപ്പോള്‍ മുകളിലും താഴെയും ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇനി വിശദമായ ചര്‍ച്ചകള്‍ നടത്തി പദ്ധതി ആവിഷ്‌കരിക്കണം. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ രണ്ടാം ഘട്ടവും എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കും.
മെട്രോ നിര്‍മാണം; ഗതാഗതക്കുരുക്കിന് മുന്‍കൂട്ടി പരിഹാരം കാണണം
കാക്കനാട്ടേക്കുള്ള ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മെട്രോ റെയില്‍ നിര്‍മാണംകൂടി വരുമ്പോള്‍ ദുരിതം ഇരട്ടിയാവും. അത് മുന്നില്‍ കണ്ടുള്ള ഗതാഗത പരിഷ്‌കാരങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാന്‍ പോലീസും അധികൃതരും ശ്രമിക്കണം. സമാന്തര സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. യാത്രാ ദൂരം ചിലപ്പോള്‍ കൂടിയേക്കാം. എന്നാല്‍, കുരുക്കൊഴിവാക്കാന്‍ അത് വേണ്ടിവരും. പൊതുഗതാഗതം എല്ലാ സമയത്തും ആവശ്യത്തിനില്ലാത്തതിനാല്‍ തൃക്കാക്കരയില്‍നിന്നുള്ള ഇപ്പോഴത്തെ യാത്രാ പ്രശ്‌നത്തിനും പരിഹാരം ഉണ്ടാവണം.
ശുദ്ധജല ക്ഷാമം
തൃക്കാക്കരയില്‍ പലയിടത്തും ശുദ്ധജലം കിട്ടുന്നില്ല. സ്വന്തമായി കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത പാവങ്ങള്‍ ധാരാളം തൃക്കാക്കരയിലുണ്ട്. അവര്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കണം. ഇക്കാര്യം സഭയില്‍ ഉന്നയിക്കും. പി.ടി.യുടെ കാലത്ത് തുടങ്ങിവെച്ച പദ്ധതികളുണ്ട്. അത് ഏതുവരെയായെന്നറിഞ്ഞ് പൂര്‍ത്തിയാക്കണം. മാലിന്യ സംസ്‌കരണ രംഗത്തുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം വേണം. കടമ്പ്രയാര്‍ മലിനീകരണത്തിനും ശാസ്ത്രീയ പരിഹാരം ഉണ്ടാവണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..