ഉല്ലാസയാത്ര ദുരന്തയാത്രയായി; മരണത്തിലും ഒരുമിച്ച്‌ ഉറ്റചങ്ങാതിമാര്‍


റമീസ്, അഷ്ഹർ, സഹദ്

കണ്ണൂര്‍: പുല്ലൂപ്പിക്കടവ് പുഴയില്‍ തോണിമറിഞ്ഞ് സുഹൃത്തുക്കളായ മൂന്നുയുവാക്കള്‍ മരിച്ച സംഭവം നാട്ടുകാരെ കണ്ണീരിലാഴ്ത്തി. അയല്‍ക്കാരും ഉറ്റചങ്ങാതിമാരുമായ കെ. റമീസ് (26), കെ.പി. അഷ്ഹര്‍ (27) കെ.പി. സഹദ് (26) എന്നിവരാണ് മരിച്ചത്. കളിക്കൂട്ടുകാരായ ഇവരില്‍ അഷ്ഹര്‍ ഗള്‍ഫില്‍ പോയതോടെ ഒന്നിച്ചുള്ള നടപ്പിന് ഭംഗം വന്നു. നാലുമാസം മുന്‍പ് അഷ്ഹര്‍ ലീവിന് നാട്ടിലെത്തിയതോടെ കൂട്ടുകെട്ടിന്റെ ഉല്ലാസം തിരിച്ചുകിട്ടി. ഒരാഴ്ചക്കുശേഷം അഷ്ഹറിന് തിരിച്ചുപോവുകയും വേണം. അതിനിടിയില്‍ കിട്ടിയ ഒരു ഞായറാഴ്ച ഒന്നിച്ചാസ്വദിക്കാനുള്ള യാത്രയാണ് മൂന്ന് കുടുംബങ്ങളെ മാത്രമല്ല, ഒരു ഗ്രാമത്തെയാകെ കണ്ണീരാഴ്ത്തിയ ദുരന്തമായി കലാശിച്ചത്.

പുല്ലൂപ്പിക്കടവ് പുഴയില്‍, മീന്‍പിടിക്കുന്നവരുടെ ചെറിയ തോണികളില്‍ ചെറുപ്പക്കാര്‍ രാത്രി പുഴയില്‍ ചുറ്റിക്കറങ്ങാനും ചൂണ്ടയിടാനും പോവാറുണ്ട്. മീന്‍ പിടിത്തക്കാര്‍ രാത്രി വലയിട്ടശേഷം തോണി പുഴയോരത്ത് കെട്ടിയിടും. അവരുടെ സുഹൃത്തുക്കള്‍ തോണിയെടുത്ത് പുഴയില്‍ വെറുതെ തുഴഞ്ഞുപോകും. നിശ്ചലമായ ജലാശയത്തില്‍ ആഹ്ലാദകരമായ യാത്ര. അവധിയായതിനാല്‍ ഞായറാഴ്ച റമീസും അഷ്ഹറും സഹദും ഒത്തുചേരുകയായിരുന്നു വൈകുന്നേരം അഞ്ചുമണിയോടെ ഇവര്‍ തോണിയില്‍ തുഴഞ്ഞുപോകുന്നതിന്റെ ദൃശ്യം സുഹൃത്തുക്കള്‍ക്ക് വാട്സാപ്പിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച രാത്രി തോണിതുഴയവെ, ആരോ ഒരാള്‍ വെള്ളത്തില്‍ വീഴുകയും അയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മൂന്നുപേരും പുഴയില്‍ അകപ്പെട്ടതായിരിക്കുമെന്ന് കരുതുന്നു. ഇവര്‍ പോയ ഫൈബര്‍ബോട്ടും കണ്ടുകിട്ടിയിട്ടില്ല. ഞായറാഴ്ച ഏറെ വൈകീട്ടും മൂന്നുപേരും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്നു. പക്ഷേ, ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെ, പുല്ലൂപ്പിപ്പാലത്തിന് അരക്കിലോമീറ്ററോളം താഴെഭാഗത്ത് വിരിച്ച വലയില്‍ കുരുങ്ങിയ നിലയില്‍ റമീസിന്റെ മൃതദേഹം കണ്ടെത്തിയതോടെയാണ് മറ്റ് രണ്ടുപേര്‍ കൂടി പുഴയില്‍ അകപ്പെട്ടതായി സംശയിച്ചത്. ഇതിനു പിന്നാലെ തിങ്കളാഴ്ച രണ്ടരയോടെ കല്ലുകെട്ട് ചിറ ഭാഗത്തുനിന്ന് അഷ്ഹറിന്റെ മൃതദേഹവും ലഭിച്ചു. റമീസിന്റെ മൃതദേഹം കണ്ടെത്തിയതിന്റെ അരക്കിലോമീറ്ററോളം അകലെയാണിത്. സഹദിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് കണ്ടുകിട്ടിയത്. വള്ളുവന്‍ കടവ് ഭാഗത്ത് കരയോട് ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

പുല്ലൂപ്പിക്കടവിന് സമീപം പുഴയില്‍ കാണാതായവര്‍ക്കു വേണ്ടി തിങ്കളാഴ്ച നടത്തിയ തിരച്ചില്‍

തിങ്കളാഴ്ച രാവിലെ ഇവരില്‍ ഒരാളുടെ ബൈക്ക് പുഴയോരത്ത് കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിക്കുകയായിരുന്നു. ഉടന്‍ പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. കാട്ടാമ്പള്ളിപ്പാലത്തിനും മുണ്ടേരിക്കടവിനും ഇടയില്‍ കായല്‍ പോലുള്ള ജലപ്പരപ്പ് ശാന്തമായി കാണുമെങ്കിലും ചിലയിടങ്ങളില്‍ നല്ല ആഴവും ചെളിനിറഞ്ഞതുമാണ്. നേരത്തേ ഇതിലൂടെ ബോട്ട് സര്‍വീസ് നടത്തിയിരുന്നു. ബോട്ടിന്റെ സഞ്ചാരപാത നല്ല ആഴമുള്ള സ്ഥലങ്ങളാണ്. 1972-ല്‍ ഇവിടെ തോണിയപകടത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു. അതിനുശേഷവും ചില മുങ്ങിമരണങ്ങള്‍ നടന്നു.

കണ്ണൂര്‍ മാര്‍ക്കറ്റിലെ പച്ചക്കറിക്കടയില്‍ ജോലിക്കാരനാണ് റമീസ്. കല്ലുകെട്ടുചിറയിലെ സമീര്‍-ഖദീജ ദമ്പതിമാരുടെ മകനാണ്. സഹോദരിമാര്‍: റംസീന, റംസത്ത്.

നഗരസഭാ മുന്‍ കൗണ്‍സിലര്‍ കൊളപ്പല്‍ വീട്ടില്‍ അഷറഫിന്റെയും സെഫിയയുടെയും മകനാണ് കെ.പി. അഷ്ഹര്‍. ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ അഷ്ഹറിന് അടുത്ത ആഴ്ചയാണ് തിരിച്ചുപോകേണ്ടിയിരുന്നത്. സഹോദരങ്ങള്‍: നദീര്‍, ആഫ്രിദ്, അജ്മല്‍, ഫാത്തിമ, അമീര്‍, നദീറ.

കക്കിരിച്ചാല്‍ പുതിയ പുരയില്‍ അബ്ദുള്ളയുടെയും സീനത്തിന്റെയും മകനാണ് കാണാതായ കെ.പി. സഹദ്. നഗരത്തിലെ പ്ലൈവുഡ് കമ്പനിയിലെ ഡ്രൈവറാണ്. സഹോദരന്‍: സമദ്.

കൈമെയ് മറന്ന രക്ഷാപ്രവര്‍ത്തനം

പുല്ലൂപ്പിക്കടവില്‍ തോണിയപകടത്തില്‍ കാണാതായ സഹദിനായി തിരച്ചില്‍ നടത്താന്‍ ദേശീയ ദുരന്തപ്രതികരണ സേനയും (എന്‍.ഡി.ആര്‍.എഫ്.) എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശ്ശൂരില്‍നിന്നുള്ള സംഘം തിങ്കളാഴ്ച രാത്രിയാണ് കണ്ണൂരിലേക്ക് യാത്രതിരിച്ചത്. ജില്ലയിലെ എല്ലാ അഗ്‌നിരക്ഷാസേനാ യൂണിറ്റുകളില്‍നിന്നുള്ളവരും തിരച്ചിലിനായി എത്തിയിരുന്നു. നാവികസേനയുടെ സഹായം ആദ്യം തേടിയെങ്കിലും രണ്ടുപേരുടെ മൃതദേഹം കിട്ടിയ നിലയ്ക്ക് അവരുടെ സേവനം വേണ്ടെന്നുവെക്കുകയായിരുന്നു.

കെ.വി. സുമേഷ് എം.എല്‍.എയും പോലീസ് കമ്മിഷണര്‍ ആര്‍ ഇളങ്കോയും പുല്ലൂപ്പിയിലെ അപകടസ്ഥലത്ത്

അഗ്‌നിരക്ഷാസേനയും പോലീസും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിങ്കളാഴ്ച പകല്‍മുഴുവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. പുഴയില്‍ മത്സ്യം പിടിക്കാനായി വിരിച്ച വലയില്‍ ഒരു മൃതദേഹം കണ്ടെത്തിയ വിവരം അവര്‍ വളപട്ടണം പോലീസില്‍ അറിയിച്ചു. പോലീസ് കണ്ണൂര്‍ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. അജ്ഞാത മൃതദേഹം എന്നാണ് ആദ്യം കരുതിയത്. പത്തരയോടെ റമീസിന്റെ മൃതദേഹം പുറത്തെടുത്തു. പിന്നീടാണ് രണ്ടുപേര്‍ കൂടി പുഴയില്‍ അകപ്പെട്ടതായി മനസ്സിലാക്കുന്നത്. ഉടന്‍ കൂടുതല്‍ സേനാംഗങ്ങളും മട്ടന്നൂരില്‍നിന്നും തളിപ്പറമ്പില്‍നിന്നും സ്‌കൂബാ ഡൈവിങ് വിദഗ്ധരും എത്തി തിരച്ചിലില്‍ പങ്കെടുത്തു. രണ്ടരമണിയോടെ അഷ്ഹറുടെ മൃതദേഹവും കണ്ടെടുത്തു.

അതേസമയം, ശക്തമായ കാറ്റില്‍ ഓളങ്ങളുണ്ടായത് തിരച്ചിലിന് തടസ്സമായി. അറ്റകുറ്റപ്പണിക്കായി കാട്ടാമ്പള്ളിപ്പാലത്തിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് കാരണം പുഴയില്‍ ഒഴുക്കും കൂടി. കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, എ.ഡി.എം. കെ.കെ. ദിവാകരന്‍, പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, വളപട്ടണം ഇന്‍സ്‌പെക്ടര്‍ രാജേഷ് മാരംഗനത്ത്, എസ്.ഐ.മാരായ കെ.കെ. രേഷ്മ, കെ. മോഹനന്‍, ജെ.ഡി. മാത്യു, ടി. രഞ്ജിത്ത് എന്നിവരും കണ്ണൂര്‍ അഗ്‌നിരക്ഷാസേനാ യൂണിറ്റിലെ സ്റ്റേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ കെ. പുഷോത്തമന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ എം. രാജീവന്‍, ഫയര്‍ ഓഫീസര്‍മാരായ ആര്‍.പി. ഷായിവാസ്, കെ.കെ. വിജില്‍, കെ.ഐ. അനൂപ്, എം. അനീഷ്‌കുമാര്‍, സ്‌കൂബാ ഡൈവിങ് വിദഗ്ധരായ രാകേഷ് തോട്ടത്തില്‍, വി. അനുരൂപ്, പി. ബാലചന്ദ്രന്‍, കെ. ധനേഷ്, ടി.വി. രാജേഷ്‌കുമാര്‍, പി.കെ. ധനഞ്ജയന്‍, കെ. സജീന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കെ.വി. സുമേഷ് എം.എല്‍.എ., മേയര്‍ ടി.ഒ. മോഹനന്‍, സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. സുധാകരന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ചിറക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി.

Content Highlights: three youth drowned in pulluppikadav river kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented