കൊച്ചി: അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കൊച്ചിയില്‍ സംസ്‌കരിക്കും. മതാചാരപ്രകാരം കളമശ്ശേരി പാലക്കാമുഗള്‍ ജുമാമസ്ജിദില്‍ മൃതദേഹം കബറടക്കാനാണ് ഉദ്ദേശ്യം. ഇതിനുവേണ്ട നടപടിക്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. 

രാജഗിരി ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം കളമശ്ശേരിയില്‍ സംസ്‌കരിക്കുന്നതിന് കുട്ടിയുടെ പിതാവിന്റെ അനുമതിപത്രം ആവശ്യമുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന അമ്മയ്ക്ക് കുട്ടിയുടെ മൃതദേഹം കാണാനും അവസരമൊരുക്കും. 

മൃതദേഹം പാലക്കാമുഗള്‍ പള്ളിയില്‍ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ കുഞ്ഞിന്റെ ചുമതലകള്‍ ഏല്‍പ്പിച്ചിരുന്ന ഉദ്യോഗസ്ഥ സൈന മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ജാര്‍ഖണ്ഡ് ദമ്പതിമാരുടെ മൂന്നുവയസ്സുള്ള ആണ്‍കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയുടെ മര്‍ദനത്തില്‍ തലയ്ക്ക് മാരക പരിക്കേറ്റിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. 

Content Highlights: three year old boy's funeral will be held in kalamassery