കൊച്ചി: ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം കബറടക്കി. കൊച്ചി പാലക്കാമുഗള്‍ വടകോട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പാലക്കാമുഗള്‍ പള്ളിയിലെത്തിച്ചത്. 

കുട്ടിയുടെ മൃതദേഹം കാണാന്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ അമ്മ ഹെനയ്ക്കും ബംഗാള്‍ സ്വദേശിയായ അച്ഛന്‍ ഷാജിത് ഖാനും പോലീസ് സൗകര്യമൊരുക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുവര്‍ക്കും മകനെ അവസാനമായി കാണാന്‍ അവസരമൊരുക്കിയത്. കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇരുവരും റിമാന്‍ഡിലാണ്. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് തലയ്ക്ക് മാരക പരിക്കേറ്റ നിലയില്‍ മൂന്നുവയസ്സുകാരനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയില്‍ വീണതാണെന്നായിരുന്നു പിതാവ് ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

kochi boy death

അമ്മയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം കാണാന്‍ പോലീസ് അറസ്റ്റ് ചെയ്ത അമ്മ ജാര്‍ഖണ്ഡ് സ്വദേശിനി ഹെനയെയും , അച്ഛന്‍ ബംഗാള്‍ സ്വദേശി ഷാജിത് ഖാനെയും  എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കൊണ്ടുവന്നപ്പോള്‍. ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മര്‍ദനമേറ്റാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റെന്ന് വ്യക്തമായത്. മര്‍ദനത്തില്‍ തലച്ചോര്‍ തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണംസംഭവിക്കുകയുമായിരുന്നു. 

kochiboydeath
അമ്മയുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം കബറടക്കാനായി  പാലയ്ക്കാമുകള്‍ ജുമാ മസ്ജിദില്‍ കൊണ്ടുവന്നപ്പോള്‍. ഫോട്ടോ: ടി.കെ. പ്രദീപ് കുമാര്‍

 

Content Highlights: three year old boy's funeral held in kochi palakkamugal masjid