ആലപ്പുഴ: ആലുവ, കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങി മരിച്ച കുട്ടിയുടെ എക്‌സറേ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ നാണയം ആമാശയത്തില്‍ തന്നെയാണുള്ളത്. ആമാശയത്തിലേക്ക് നാണയമെത്തിയതിനാല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ നല്‍കിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. 

കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലായിരുന്നു. ഇത്തരം കേസുകളില്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ നാണയം പുറത്തേക്ക് വരേണ്ടതാണ്. ശ്വാസ തടസം പോലുള്ള പ്രശ്‌നങ്ങളും കുട്ടിക്കുണ്ടായിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്നത്. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ സാധ്യമല്ലായിരുന്നുവെന്നുമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം. 

ഇത് സംബന്ധിച്ച് ശിശുരോഗ വിഭാഗത്തോട് ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത് സര്‍ക്കാരിന് സമര്‍പ്പിക്കും.

Content Highlights: Three year old boy died after swallowing coin