കൊച്ചി: അമ്മയുടെ മര്‍ദനത്തില്‍ തലയ്ക്ക് മാരക പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നുവയസ്സുകാരന് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതിനിടെയാണ് മരണംസംഭവിച്ചത്.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ മാതാവ് ജാര്‍ഖണ്ഡ് സ്വദേശിനി ഹെന (28) യെ പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കുസൃതി കാട്ടിയതിന് അടുക്കളയില്‍വെച്ച് മര്‍ദിച്ചുവെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചതോടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് അമ്മയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് മസ്തിഷ്കത്തില്‍ രക്തസ്രാവവുമായി കുട്ടിയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയില്‍ വീണെന്നാണ് അച്ഛന് ബംഗാള്‍ സ്വദേശി ഷാജിത് ഖാനും സുഹൃത്തും പറഞ്ഞത്. എന്നാല്‍, നിലത്തുവീണാല്‍ ഇത്ര വലിയ പരിക്ക് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് നിശ്ചയമായിരുന്നു.
കുട്ടിയുടെ ദേഹമാസകലം ചതവ് കണ്ടെത്തിയതിനു പുറമേ പിന്‍ഭാഗത്ത് പൊള്ളലേറ്റ പാടുകൂടി കണ്ടതോടെ പോലീസില്‍ അറിയിച്ചു. ബുധനാഴ്ച രാത്രിതന്നെ, കുട്ടിയുടെ മസ്തിഷ്കത്തില്‍ കെട്ടിക്കിടക്കുന്ന രക്തം നീക്കംചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.
ആശുപത്രിയിലെത്തിയ ഏലൂര്‍ പോലീസ് അച്ഛനെയും മറ്റൊരു സംഘം വീട്ടിലെത്തി കുട്ടിയുടെ അമ്മയെയും ചോദ്യംചെയ്തു. ചപ്പാത്തി പരത്തുന്നതിനിടെ വഴക്കുപറഞ്ഞപ്പോള്‍ കുട്ടി സ്ളാബില്‍നിന്ന് വീണെന്നാണ് അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍, മറ്റ് പരിക്കുകള്‍ എങ്ങനെയെന്ന ചോദ്യം കുരുക്കിയതോടെ ഇവര്‍ കുറ്റം സമ്മതിച്ചു.
കുട്ടിയുടെ പിന്നിലേറ്റ പൊള്ളല്‍ ഇവര്‍ ചട്ടുകം പഴുപ്പിച്ചു വെച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ട്. തലയ്ക്കേറ്റ ഗുരുതര പരിക്ക് സംഭവിച്ചതെങ്ങനെയെന്ന് പോലീസിന് ഇപ്പോഴും സംശയമുണ്ട്. കുട്ടി വീണതിനെക്കുറിച്ച് അമ്മ പറഞ്ഞ അറിവേ അച്ഛനുള്ളൂ. കുട്ടിയെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ഇയാള്‍ ചെയ്തത്.
ചോദ്യംചെയ്യലില്‍ ഇയാള്‍ ഇതില്‍ ഉറച്ചുനിന്നതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. കുടുംബമായി താമസിക്കുന്നിടത്ത് മറ്റാരും വന്ന് ഉപദ്രവിക്കില്ലെന്നായിരുന്നു പോലീസ് നിഗമനം. ഇതോടെ പിന്നില്‍ അമ്മതന്നെയെന്ന് പോലീസ് ഉറപ്പിച്ചു. ഇവരെയും കൊണ്ട് സംഭവംനടന്ന വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. ഏലൂര്‍ സി.ഐ. എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. അടുത്തിടെ തൊടുപുഴയില്‍ അമ്മയുടെ പങ്കാളിയുടെ ക്രൂരമര്‍ദനത്തിനിരയായി ബാലന് മരിച്ച് ഏറെ താമസിയാതെയാണ് പുതിയ സംഭവം.
Content Highlights: three year old boy brutally tortured by mother, dies on friday