കാറിടിച്ചു മരിച്ച സഹോദരിമാരായ ശാരിമോൾ, ഐശ്വര്യ, ഭർത്താവ് ശ്രീജി എന്നിവരുടെ മൃതദേഹങ്ങൾ പനത്തുറ ജി.ജി. കോളനിയിലെ വീട്ടുമുറ്റത്ത് പൊതുദർശനത്തിനു വച്ചപ്പോൾ | Photo: മാതൃഭൂമി
തിരുവനന്തപുരം: വാഴമുട്ടം-തിരുവല്ലം ബൈപ്പാസില്‍ കാറിടിച്ച് മരിച്ച സഹോദരങ്ങളുടെയും ഇതിലൊരാളുടെ ഭര്‍ത്താവിന്റെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.പനത്തുറ ജി.ജി. കോളനിയില്‍ ശാന്തയുടെയും പരേതനായ ബാലചന്ദ്രന്റെയും മക്കളായ ഐശ്വര്യ(32), സഹോദരി ശാരിമോള്‍(31), ഐശ്വര്യയുടെ ഭര്‍ത്താവായ ശ്രീജി എന്നിവരുടെ മൃതദേഹങ്ങളാണ് പനത്തുറ പുന്നമൂട്ടില്‍ ഞായറാഴ്ച രാത്രി ഏഴോടെ സംസ്കരിച്ചത്.
വീട്ടുമുറ്റത്ത് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചു. നൂറുകണക്കിനു നാട്ടുകാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ഭര്‍ത്താവ് ശ്രീജിയുടെ മരണവിവരമറിഞ്ഞാണ് ഐശ്വര്യ സഹോദരി ശാരിമോളെയും കൂട്ടി നെടുമങ്ങാട്ടേയ്ക്ക് പോകുന്നതിന് ഓട്ടോറിക്ഷയില്‍ കയറിയത്. പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനു സമീപം വെച്ച് ഓട്ടോറിക്ഷയില്‍ പെട്രോള്‍ തീര്‍ന്നു. വഴിയിലായ ഇവര്‍ ഓട്ടോയില്‍ നിന്ന് പുറത്തിറങ്ങി ബൈപ്പാസ് മുറിച്ച് കടക്കവെ കോവളം ഭാഗത്തുനിന്നു വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പോലീസെത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഐശ്വര്യ സംഭവസ്ഥലത്തും ശാരിമോള്‍ മെഡിക്കല്‍കോളേജില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സജീവാണ് ശാരിമോളുടെ ഭര്‍ത്താവ്. മക്കള്‍: അമല്‍, വര്‍ഷ.ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണം പനത്തുറ നിവാസികളെ പാടെ കണ്ണീരിലാഴ്ത്തി.
മന്ത്രി വി.ശിവന്‍കുട്ടി, സിപി.ഐ. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, കെ.പി.സി.സി. ട്രഷറര്‍ പ്രതാപചന്ദ്രന്, ഡി.സി.സി. ജനറല്‍ സെക്രട്ടറി കൊഞ്ചിറവിള വിനോദ്, ധീവരസഭ ജില്ലാ സെക്രട്ടറി പനത്തുറ ബൈജു, ധീവരസഭ വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി പനത്തുറ കെ.എസ്.പ്രസാദ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
കോവളം: വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ ശനിയാഴ്ച രാത്രിയില്‍ സഹോദരിമാരെ ഇടിച്ചിട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. പുതിയതുറ സ്വദേശിയാണ് പിടിയിലായതെന്ന് എസ്.എച്ച്.ഒ. സുരേഷ് വി.നായര്‍ അറിയിച്ചു. അപകടത്തിനു ശേഷം കാര്‍ നിര്ത്താതെപോയിരുന്നു. ബൈപ്പാസിലെ സി.സി.ടി.വി. ക്യാമറകളില്‍നിന്നു ശേഖരിച്ച ദൃശ്യങ്ങളില്‍ നിന്നുമാണ് കാര്‍ കണ്ടെത്തിയത്.
സംസ്കരിക്കാന്‍ സ്ഥലം നല്കി പൊതുപ്രവര്ത്തകന്
കാറിടിച്ചു മരിച്ച സഹോദരിമാരായ പനത്തുറ ജി.ജി. കോളനി സ്വദേശികളായ ശാരിമോളെയും ഐശ്വര്യയെയും ഭര്‍ത്താവ് ശ്രീജിയെയും സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കി പൊതുപ്രവര്ത്തകന്. നിര്‍ധന കുടുംബത്തിലെ അംഗങ്ങളായ ഇവരെ സംസ്കരിക്കാന്‍ സ്ഥലമില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതിനെത്തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ പനത്തുറ ബൈജു തന്റെ പുന്നമൂട്ടിലെ പുരയിടത്തില്‍നിന്ന് രണ്ട് സെന്റ് സ്ഥലം വിട്ടുനല്‍കുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇവിടെ സംസ്കരിച്ചു.
Content Highlights: three members of a family dead on same day cremated
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..