മലപ്പുറം:  മങ്കട വേരുംപിലാക്കലില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ഗുഡ്‌സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും പരിക്കുണ്ട്. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. 

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യബസും ചെടികളുമായി വരികയായിരുന്ന ഗുഡ്‌സ് ഓട്ടോയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. 

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചവരില്‍ ഒരാളുടെ പോക്കറ്റില്‍നിന്ന് മുക്കം അഗസ്ത്യമുഴി ഷിജു എന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. മറ്റൊരാളുടെ പോക്കറ്റില്‍നിന്ന് സുരേഷ്ബാബു എന്ന പേരിലുള്ള മരുന്ന് കുറിപ്പടിയും ലഭിച്ചു. മരിച്ചവര്‍ മുക്കം സ്വദേശികളാണെന്നാണ് സംശയം. മൂവരുടെയും മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരിന്തല്‍മണ്ണ സിവില്‍ ഡിഫന്‍സ്, ട്രോമാകെയര്‍, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Content Highlights: three killed in an accident in mankada malappuram