മലപ്പുറം: രണ്ട് വ്യത്യസ്ത അപകടങ്ങളിലായി സഹോദരിമാര്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ആനക്കയത്ത്  കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെയാണ് ഏറാന്തൊടി അബൂബക്കറിന്റെ മക്കളായ ഫാത്തിമ ഫിദ(14) ഫാത്തിമ നിദ(12) എന്നിവര്‍ മരിച്ചത്. 

മാതാവായ സൗദയോടൊപ്പം ആനക്കയം ചെക്ക് ഡാമിന് സമീപം കുളിക്കാനെത്തിയതായിരുന്നു ഇരുവരും. കുളിക്കുന്നതിനിടെ ഫാത്തിമ നിദയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. സഹോദരിയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഫിദയും അപകടത്തില്‍പ്പെട്ടു. പിന്നീട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്. രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വളാഞ്ചാരി വെങ്ങാട് ക്വാറിയില്‍ കുളിക്കുന്നതിനിടെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫയാസ് മുങ്ങിമരിച്ചത്. ആലപ്പുഴ സ്വദേശിയായ ഫയാസ് അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു. കുട്ടിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. 

Content Highlights: three kids drown to death in malappuram