തൃശ്ശൂര്‍: കൊരട്ടിയില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പിടികൂടി. കൊരട്ടി ദേശീയപാതയില്‍ ഇലക്ട്രിക് ഷോപ്പിന്റെ മറവിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്നത്. 

സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  കൊരട്ടി സ്വദേശി ഹക്കീം, അങ്കമാലി സ്വദേശി നിതിന്‍, മഞ്ചേരി സ്വദേശി റഷാദ് എന്നിവരാണ് പിടിയിലായത്. നേരത്തെ, സംശയം തോന്നിയതിനെ തുടര്‍ന്ന് കൊരട്ടിയില്‍ കഴിഞ്ഞദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. 

എന്നാല്‍ ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പിടികൂടിയത്. ഇന്റര്‍നാഷണല്‍ കോളുകള്‍ ലോക്കല്‍ കോളുകളാക്കി മാറ്റിക്കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തശേഷം കോടതിയില്‍ ഹാജരാക്കും. മൂന്നിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12-ഓളം ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്.

content highlights: three arrested in connection with parallel telephone exchanges