കൊച്ചി/ന്യൂഡല്‍ഹി: എറണാകുളത്ത്‌ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയിലായി. അന്യസംസ്ഥാന തൊഴിലാളികളായ ഇവര്‍ പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലിചെയ്തുവരികയായിരുന്നു. പഞ്ചിമ ബംഗാളില്‍നിന്ന് ആറു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ തീവ്രവാദ ബന്ധമുള്ള ഒമ്പത് പേര്‍ എന്‍.ഐ.എയുടെ പിടിയിലായി.വെള്ളിയാഴ്ച രാത്രി വീട് വളഞ്ഞാണ് എറണാകുളത്തുവെച്ച്‌ എന്‍.ഐ.എ. ഇവരെ പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്.

രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും റെയ്ഡ് നടത്തിയത്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും പെരുമ്പാവൂരിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. പശ്ചിമ ബംഗാളില്‍ ഒന്‍പത് സ്ഥലങ്ങളിലും ഇതേസമയം റെയ്ഡ് നടന്നു. രാജ്യത്താകെ ഒമ്പത് പേര്‍ പിടിയിലായി. പിടിയിലായവരെ ചോദ്യംചെയ്തുവരികയാണ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എന്‍ഐഎ പെരുമ്പാവൂരില്‍ റെയ്ഡ് നടത്തിയത്. 

പശ്ചിമ ബംഗാളില്‍നിന്ന് അറസ്റ്റിലായ അബു സുഫിയാന്‍ എന്നയാളും കേരളത്തില്‍നിന്ന് പിടിയിലായ മുര്‍ഷിദ് ഹുസൈനുമാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് വിവരം. കസ്റ്റഡിയില്‍ ഉള്ളവര്‍ മുടിക്കലില്‍ കുടുംബത്തോടൊപ്പം ഏറെക്കാലമായി താമസിച്ചുവരികയായിരുന്നു എന്നാണ് വിവരം. ഇതില്‍ ഒരാള്‍ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. 

പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് എന്‍.ഐ.എ. വ്യക്തമാക്കുന്നത്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ്‌ സൂചന.

ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

content highlights: Three Al Qaeda operatives arrested in Perumbavoor