ഫാദർ ജെയിംസ് പനവേലിൽ | Screengrab - Mathrubhumi news
ചേര്‍ത്തല: സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്ത വര്‍ഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രസംഗത്തിലൂടെ വൈറലായ ഫാദര്‍ ജെയിംസ് പനവേലിന് നേരെ ഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയും ഫോണിലൂടെയുമാണ് ഭീഷണികള്‍ വരുന്നതെന്ന് അദ്ദേഹം പറയുന്നു. സത്യദീപം അസോസിയേറ്റ് എഡിറ്ററാണ് ഫാദര്‍ ജെയിംസ് പനവേലില്‍. തിരുനാളിനിടെ 'ഈശോ' സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കെതിരെ ഫാദര്‍ ജെയിംസ് നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ കുറച്ചുകാലങ്ങളായാണ് ഇത്രമേല്‍ വര്‍ഗ്ഗീയത സോഷ്യല്‍ മീഡിയകളില്‍ കണ്ടുതുടങ്ങിയതെന്ന് ഫാദര്‍ ജെയിംസ് പറയുന്നു. ഇത് എല്ലാ മതങ്ങളിലും കടന്നുകയറുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറലായ പ്രസംഗത്തിന് പിന്നാലെ കനത്ത സൈബര്‍ ആക്രമണമാണ് നേരിട്ടതെന്ന് ഫാദര്‍ ജെയിംസ് പറയുന്നു. പ്രതികരിക്കുക എന്നുള്ളത് നല്ലതാണെന്നും എന്നാല്‍ അത് മാനവികവും ക്രിസ്തീയവുമാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഫെയ്‌സ്ബുക്കിലും മറ്റും ക്രിസ്തീയ സംരക്ഷണത്തിന്റേതെന്ന പേരില്‍ വരുന്ന പല കമന്റുകളുടെയും സ്വഭാവത്തിലും ശൈലിയിലും ക്രിസ്തീയതയുടെയും മാനവികതയുടെയും യാതൊരംശവുമില്ലെന്നും ഫാദര്‍ ജെയിംസ് വിമര്‍ശിച്ചു. ഇത്തരം കമന്റുകളെ കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കും നേരിടേണ്ടി വന്നതായി അദ്ദേഹം പറയുന്നു. നിരന്തരമായി ഇത്തരം ഫോണ്‍കോളുകളും വരുന്നതായി ഫാദര്‍ പറയുന്നു. അത്രമാത്രം അസഹിഷ്ണുതയാണ് ഉണ്ടാകുന്നത്. ഒരു പേരിലോ, പോസ്റ്ററിലോ, സിനിമയിലോ കൈമോശം വരേണ്ടതാണോ വിശ്വാസമെന്ന് ഫാദര്‍ ജെയിംസ് ചോദിക്കുന്നു.
വിശ്വാസമെന്നാല്‍ വികാരമല്ലെന്നും ഒരു നിലപാടാണെന്നും അദ്ദേഹം പറയുന്നു. പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതിനാല്‍ ഭയമില്ലെന്നും മാറ്റിപ്പറയാനാഗ്രഹിക്കുന്നില്ലെന്നും ഫാദര്‍ ജെയിംസ് പനവേലില്‍ വ്യക്തമാക്കി.
COntent highlights: Threats against the priest who went viral for preaching against communalism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..