എറണാകുളം: കൊച്ചി കപ്പൽശാലയിലെ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണി കേസ് എൻഐഎ ഏറ്റെടുത്തേക്കും. ഏറെ ഗൗരവമുള്ള കേസാണെന്നും അതിനാൽ എൻഐഎക്ക് ഉടൻ തന്നെ കൈമാറണമെന്നുമുള്ള ശുപാർശ അന്വേഷണ സംഘം ഡിജിപിക്ക് കൈമാറും.

വിലാസമറിയാൻ കഴിയാത്ത വിധം പ്രോട്ടോൺവിഭാഗത്തിൽപ്പെട്ട ഭീഷണിയാണ് ഈ മെയിലിലൂടെ ലഭിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൃത്യമായ സാങ്കേതിക വൈദഗ്ധ്യത്തോടെ അന്വേഷണം നടത്തി ഈമെയിലിന്റെ ഉറവിടം കണ്ടെത്തണം. കൂടാതെ രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന സംഭവമായതിനാലാണ് കേസ് എൻഐഎക്ക് വിടാൻ പോലീസ് ശുപാർശ ചെയ്യുന്നത്. അതേസമയം കപ്പൽശാലയിലെ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. കപ്പൽശാലയിലെ ജീവനക്കാരുടെ പേരും പദവികളും ഭീഷണി സന്ദേശത്തിൽ ഉൾപ്പെടുന്നുണ്ട്. കപ്പൽശാലയിലെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തേക്കും.

കേസിൽ പ്രാധമിക പരിശോധന നടത്തിയ എൻഐഎ പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച് കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

ഈ മെയിൽ ഭീഷണിയെതുടർന്ന് ഐടി നിയമം 385 പ്രകാരം എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഏറെ അതീവ ഗൗരവമുള്ള കേസാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്ന് വ്യക്തമാക്കി അന്വേഷണ സംഘം ഡിജിപിക്ക് റിപ്പോർട്ട് കൈമാറുക.


നേരത്തെ അഫ്ഗാൻ സ്വദേശി വ്യാജ രേഖകൾ കൊണ്ട് കപ്പൽശാലയിൽ ജോലി ചെയ്തിരുന്നു. ഇതിന്റെ അന്വേഷണവും എൻ ഐ എക്ക് കൈമാറും. രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.

ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത.നിർമാണം പുരോഗമിക്കുന്ന കൊച്ചി കപ്പൽശാലയിലേക്കാണ് ബോംബിട്ട് തകർക്കുമെന്ന ഭീഷണി സന്ദേശമെത്തിയത്. കഴിഞ്ഞമാസം 24നാണ് അഞ്ച് ഉദ്യോഗസ്ഥരുടെ ഇമെയിലേക്ക് ആദ്യം സന്ദേശമെത്തിയത്. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് അടക്കം കപ്പൽശാലയിലും വിക്രാന്തിലും പരിശോധന നടത്തിയിരുന്നു. സുരക്ഷയും ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വ്യാജ െഎ.ഡി.യിൽനിന്നു വീണ്ടും ഭീഷണിസന്ദേശമെത്തിയത്.

Content Highlights:Threat to INS Vikrant NIA may take over probe