കോഴിക്കോട്: കുട്ടികളുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവുന്ന എക്‌സൈസ് ഉദ്യോഗസ്ഥന് ലഹരി മാഫിയകളുടെ വധഭീഷണി.
ഏറ്റവും നല്ല എക്‌സൈസ് ഉദ്യോഗസ്ഥനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കോഴിക്കോട് ഡിവിഷനിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ പി.മുരളീധരനാണ് കുട്ടികളിലേക്കുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിന്റെ പേരില്‍ ലഹരിമാഫിയകളുടെ വധഭീഷണിയുണ്ടായത്. സംഭവം നടന്നിട്ട് രണ്ട് മാസത്തോളമായെങ്കിലും അപ്പോള്‍ തന്നെ ഇതുസംബന്ധിച്ച പരാതി നല്‍കിയതായും മുരളീധരന്‍ പറഞ്ഞു.
കുടുംബത്തിലെ ആരുടെയെങ്കിലും കൈവശം ലഹരി വസ്തുക്കള്‍ എത്തിക്കാന്‍ തങ്ങള്‍ക്കറിയാമെന്നും അത് വഴി മറ്റ് ഏജന്‍സികളെ കൊണ്ട് പിടിപ്പിക്കുമെന്നും അപകടപ്പെടുത്തുമെ
ന്നുമാണ് ഭീഷണി.
കോഴിക്കോട് കുന്നമംഗലം ഭാഗത്തെ വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന സംഘങ്ങളാണ് തനിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മുരളീധരന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.
നഗരത്തിലെ സ്‌കൂളുകളില്‍ വലിയ രീതിയില്‍ ഇപ്പോള്‍ ലഹരി മാഫിയകള്‍ പിടിമുറക്കിയിട്ടുണ്ട്. ഓരോ മാസത്തെയും കണക്ക് നോക്കുമ്പോള്‍ കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെതിരെ വിദ്യാര്‍ഥികള്‍ക്ക് പുറമെ രക്ഷിതാക്കള്‍ക്കും തങ്ങള്‍ ബോധവല്‍ക്കരണ പരിപാടികളും ക്ലാസുകളും നല്‍കുന്നുണ്ട്. അത് കുറേയേറെ ഫലം ചെയ്തിട്ടുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ലഹരിമരുന്നുകള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുന്ന കണ്ണികള്‍ക്ക് തന്നോട് വിരോധം ഉണ്ടാവാന്‍ കാരണമെന്ന് മുരളീധരന്‍ പറയുന്നു.
തന്നെ കൂടാതെ കോഴിക്കോട് ഡിവിഷനിലെ മറ്റൊരൂ സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനും സമാന അനുഭവം ഉണ്ടായതായി മുരളീധരന്‍ ചൂണ്ടിക്കാട്ടി. താന്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ നമ്പറും, സ്ഥിരം പോവുന്ന റൂട്ടും സംഘത്തിലുള്ള ഒരാള്‍ മറ്റൊരാളോട് ചോദിച്ചറിഞ്ഞതായും മുരളീധരന്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഏക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവത്കരണം നടത്തിക്കോളൂ പക്ഷെ കുട്ടികളുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ വേണ്ടെന്നാണ് പ്രധാനമായും ഭീഷണിയില്‍ പറയുന്നത്.