ഫോര്‍ട്ട്കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ജനത്തെ വലയ്ക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് പണം അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയെങ്കിലും നടപടികള്‍ പഴയതുപോലെ തുടരുകയാണ്. വെറും രണ്ട് സെന്റ് ഭൂമിയുടെ കാര്യത്തിനായി ഇറങ്ങുന്ന സാധാരണക്കാരനു പോലും മാസങ്ങളോളം ഫയലിന്റെ പിന്നാലെ നടക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഫോര്‍ട്ട്കൊച്ചി റവന്യു സബ് ഡിവിഷനില്‍ മാത്രം പതിനായിരക്കണക്കിന് അപേക്ഷകളാണ് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്നത്. ആര്‍.ഡി.ഒ. ഓഫീസില്‍ പഴയ ഫയലുകള്‍ മാത്രം പതിനായിരത്തിലേറെയാണ് കെട്ടിക്കിടക്കുന്നത്. ഇത് 2018 മുതലുള്ള ഫയലുകളാണ്. ഇതുകൂടാതെ കഴിഞ്ഞ ആറ് മാസമായി എല്ലാ ദിവസവും 100 മുതല്‍ 200 വരെ പുതിയ അപേക്ഷകളും വരുന്നുണ്ട്.
പരാതികളുയര്‍ന്നപ്പോള്‍, ആര്‍.ഡി.ഒ. ഓഫീസില്‍ കുറെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും പുതിയ ടീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ആറേഴ് മാസങ്ങളായി ഭൂമി തരംമാറ്റുന്ന ജോലികള്‍ക്കായി കുറച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഏതാണ്ട് മൂവായിരത്തോളം ഫയലുകളില്‍ തീരുമാനമായെന്ന് അധികൃതര്‍ പറയുന്നുണ്ട്. ഇതിനിടയില്‍ രണ്ട് അദാലത്തുകളും നടത്തി. പക്ഷേ, ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. നാല് താലൂക്കുകളിലെ അപേക്ഷകളാണ് ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ. ഓഫീസില്‍ കൈകാര്യം ചെയ്യുന്നത്. ആര്‍.ഡി.ഒ. ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളെല്ലാം വില്ലേജ് ഓഫീസുകളിലേക്കും കൃഷി ഓഫീസുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ അയയ്ക്കുന്നത്. ഈ ഓഫീസുകളില്‍ ആയിരക്കണക്കിന് ഫയലുകള്‍ തീരുമാനത്തിനായി കെട്ടിക്കിടക്കുന്നുണ്ട്. ഇവിടെ നിന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്കാണ് ആര്‍.ഡി.ഒ. ഓഫീസില്‍നിന്ന് ഉത്തരവ് നല്‍കുന്നത്. ഒരു അപേക്ഷയില്‍ എത്ര ദിവസം കൊണ്ട് തീരുമാനമാകുമെന്ന് ആര്‍ക്കും പറയാനാവില്ല. വില്ലേജ് ഓഫീസിലും കൃഷി ഓഫീസിലുമൊക്കെ മാസങ്ങളോളം അപേക്ഷ കിടക്കും. പിറകെ നടന്നാലും ഫയല്‍ വേഗത്തില്‍ പോകില്ല.
ഭൂമി തരംമാറ്റാന്‍ സാറ്റലൈറ്റ് ചിത്രവും വേണം
: പല കേസുകളിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കൃഷി ഉദ്യോഗസ്ഥരാണ്. ഭൂമി തരംമാറ്റുന്നതിനായി അപേക്ഷിക്കുന്ന സ്ഥലം കൃഷിയോഗ്യമാണോ എന്നാണ് ഇവര്‍ പരിശോധിക്കേണ്ടത്. 2008-നു മുമ്പുള്ള സ്ഥിതി അറിയാന്‍ ആ കാലത്തെ സാറ്റലൈറ്റ് ചിത്രം പരിശോധിക്കണമെന്ന് ചില ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കും. ഇതോടെ ഒരു കാര്യം ഉറപ്പാക്കാം. തീരുമാനം വരാന്‍ കുറഞ്ഞത് ഒരു വര്‍ഷമെടുക്കും. സാറ്റലൈറ്റ് ചിത്രങ്ങള്‍ക്കായി ഫയല്‍ തലസ്ഥാനത്തേക്ക് അയയ്ക്കണം. തിരുവനന്തപുരത്ത് ഇത്തരത്തില്‍ പതിനായിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നത്.
ബാങ്കുകള്‍ക്കും കടുംപിടിത്തം
: ഭൂമി ഈടുെവച്ച് വായ്പ എടുക്കാനിറങ്ങിത്തിരിച്ചവരാണ് പുതിയ നിയമം വന്നതോടെ കുഴപ്പത്തിലാകുന്നത്. ഭൂമി തരംമാറ്റാതെ ബാങ്കുകള്‍ വായ്പ നല്‍കില്ല. ഭൂമി വാങ്ങുന്നവര്‍ക്കും ഇക്കാര്യത്തില്‍ നിര്‍ബന്ധമാണ്. തണ്ണീര്‍ത്തടങ്ങളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമമാണെങ്കിലും കണ്ണീരിലാകുന്നത്, രണ്ടും മൂന്നും സെന്റ് ഭൂമി മാത്രം സ്വത്തായുള്ള സാധാരണക്കാരാണ്. അവര്‍ക്ക് ഭൂമി ഈട് നല്‍കി വായ്പ എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി. പത്ത് സെന്റില്‍ താഴെയുള്ള ഭൂമിയുടെ കാര്യത്തില്‍ ബാങ്കുകള്‍ കടുംപിടിത്തം ഉപേക്ഷിച്ചാല്‍ പരാതികള്‍ ഗണ്യമായി കുറയുമെന്ന് റവന്യു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
നടപടികള്‍ ലഘൂകരിക്കണം
25 സെന്റില്‍ കുറഞ്ഞ ഭൂമി തരംമാറ്റുന്നതിന് ഫീസ് അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങളില്‍ ഒരു ഇളവുമില്ല. പല തവണ ഫയല്‍ ഓഫീസുകള്‍ കയറിയിറങ്ങണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കരഭൂമിയായി മാറുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്ത സ്ഥലത്തുപോലും അപേക്ഷകര്‍ വലയുകയാണ്. ഇത്തരം കേസുകളില്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചാല്‍ പ്രശ്നം പരിഹരിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. ആര്‍.ഡി.ഒ. ഓഫീസില്‍ ഇപ്പോഴുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജീവനക്കാര്‍ കൂടുതല്‍ വേണം. ഓരോ ദിവസവും കൂടുതല്‍ അപേക്ഷകള്‍ എത്തുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..