തോമസ് ജെ.നെറ്റോയെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുമോദിക്കുന്നു,
തിരുവനന്തപുരം: ''മനുഷ്യസ്‌നേഹവും ഈശ്വരസേവനവും ഒന്നാണെന്ന് മനസ്സിലാക്കിയ സാത്വികനായ പരിശുദ്ധന്‍''- സുഗതകുമാരിയുടെ ഈ വാക്കുകളില്‍ ഡോ. എം. സൂസപാക്യത്തിന്റെ ജീവിതചിത്രം വ്യക്തം. സാധാരണ മത്സ്യത്തൊഴിലാളിയുടെ മകനായി തമിഴ്നാട്ടിലെ മാര്‍ത്താണ്ഡംതുറയില്‍ ജനിച്ച സൂസപാക്യം, എന്നും തന്റെ ജനതയുടെ ആത്മീയ, സാമൂഹിക ജീവിതത്തിന്റെ മികച്ച വഴികളിലേക്ക് കൈപിടിച്ചുനടത്തിയ നല്ലിടയനായിരുന്നു. പാക്യം എന്ന തമിഴ് വാക്കിന്റെ മലയാള അര്‍ഥം ഭാഗ്യം എന്നാണ്. ലത്തീന്‍ സമുദായത്തിന്റെ ഭാഗ്യമായി ദൈവം തിരഞ്ഞെടുത്തയാള്‍ എന്ന് സമുദായാംഗങ്ങള്‍ എക്കാലവും സൂസപാക്യത്തെ കരുതിയിരുന്നു.
1946-ല്‍ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡംതുറയില്‍ ജനിച്ച സൂസപാക്യം 1958-ലാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1969-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് റോമില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. 1989-ല്‍ തിരുവനന്തപുരം രൂപതാ മെത്രാനായി. 2004-ല്‍ അതിരൂപതയുടെ മെത്രാപ്പൊലീത്തയായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ നിയമിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അതിജീവിതത്തിനും ഉന്നമനത്തിനും മൂന്നു പതിറ്റാണ്ടുകാലം സൂസപാക്യം മാര്‍ഗനിര്‍ദേശിയായി.
തിരുവനന്തപുരത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു സൂസപാക്യം. മദ്യവിരുദ്ധ, പരിസ്ഥിതി സമരങ്ങളില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പവും മതസൗഹാര്‍ദ്ദവേദികളില്‍ സാമുദായിക നേതൃത്വങ്ങള്‍ക്കൊപ്പവും അദ്ദേഹം കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. മത്സ്യഗ്രാമമായ പൊഴിയൂരിലെ വ്യാജവാറ്റ് അവസാനിപ്പിക്കാന്‍ നേതൃത്വം നല്‍കി. മതസൗഹാര്‍ദ്ദത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഗാന്ധിമാര്‍ഗം പിന്തുടരുന്നവരുടെയും തലസ്ഥാനത്തെ കൂട്ടായ്മയായ ശാന്തിസമിതിയുടെ പ്രേരകശക്തിയായി സൂസപാക്യം മുന്നില്‍ത്തന്നെയുണ്ടായിരുന്നു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ചപ്പോഴും ഓഖി ദുരന്തകാലത്തും മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരുകളോട് വാദിച്ച് സൂസപാക്യം തന്റെ ദൃഢനിലപാടുകളില്‍ ഉറച്ചുനിന്നു. മഹാപ്രളയകാലത്ത് മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ചും അദ്ദേഹം മാതൃകാപരമായ നേതൃത്വം നല്‍കി.
മെത്രാന്‍ സ്ഥാനമെന്ന അധികാരം ഒരിക്കലും ഉപയോഗിക്കാതെ, വിശ്വാസികളോട് എക്കാലവും ചേര്‍ന്നുനിന്ന് സഹാനുഭൂതിയോടെ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിരുന്നു ഈ വലിയ ഇടയന്‍. കേരളത്തിലെ മുഴുവന്‍ ലത്തീന്‍ സഭകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ നേതൃത്വം നല്‍കി. അധികാരത്തിലിരിക്കുമ്പോഴും ലാളിത്യത്തിന്റെ വഴികളായിരുന്നു എന്നും സൂസപാക്യത്തിന്റേത്. സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതോടെ അരമന വിട്ടിറങ്ങി അദ്ദേഹം വിശ്രമജീവിതത്തിനായി തയ്യാറെടുത്തുകഴിഞ്ഞു. പ്രധാനപ്പെട്ട ചുമതലകള്‍ നേരത്തെതന്നെ സഹായമെത്രാനെയും മറ്റും ഏല്‍പ്പിച്ച് വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ നിന്ന് പടിയിറങ്ങി സഭയുടെ വിശ്രമകേന്ദ്രത്തിലേക്ക് മാറിയാണ് താമസം.
താന്‍ സാധാരണക്കാരന്‍, കൂടെ നിന്നവര്‍ക്കു നന്ദി -മാര്‍ സൂസപാക്യം
രൂപതാധ്യക്ഷന്‍ എന്ന പദവിയിലെത്തി 32 വര്‍ഷം തികഞ്ഞ അതേ ദിവസമാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഡോ. എം.സൂസപാക്യം വിരമിച്ചത്.
ആഗ്രഹിച്ചതിന്റെ ഒരു ശതമാനംപോലും നിറവേറ്റാന്‍ ആയിട്ടില്ലെന്ന് അദ്ദേഹം കൃതജ്ഞതാ ബലിമധ്യേ പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു.എന്റെയോ നിങ്ങളുടെയോ വിലയിരുത്തല്‍ അല്ല പ്രധാനം. എന്റെ കഴിവുകള്‍ ദൈവത്തിനറിയാം.
ആ വിലയിരുത്തലിന് ഞാന്‍ എന്നെ വിട്ടുകൊടുക്കുന്നു. പരിമിതമായ കഴിവുള്ള ഒരു സാധാരണക്കാരനാണ് താന്‍. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നേട്ടങ്ങള്‍. ഇത്രയും വര്‍ഷക്കാലം സഹകരിച്ച, വിമര്‍ശിച്ച എല്ലാവരെയും സ്‌നേഹത്തോടെ ഓര്‍ക്കുന്നു.
വൈദികനില്‍നിന്ന് ആര്‍ച്ച് ബിഷപ്പിലേക്ക്, അപ്രതീക്ഷിത തീരുമാനം, അസാധാരണവും
തിരുവനന്തപുരം അതിരൂപതയുടെ പുതിയ ഇടയനായി മോണ്‍സിഞ്ഞോര്‍ തോമസ് നെറ്റോ തിരഞ്ഞെടുക്കപ്പെട്ടത് കത്തോലിക്കാ സഭയുടെ രീതികളില്‍ അസംഭവ്യമല്ലെങ്കിലും അത്ര സാധാരണമല്ല. സാധാരണ വൈദികനായിരുന്ന തോമസ് േെനറ്റാ ആര്‍ച്ച് ബിഷപ്പായി നേരിട്ട് ഉയര്‍ത്തപ്പെട്ടതാണ് സഭാവിശ്വാസികളില്‍ കൗതുകം ജനിപ്പിച്ചത്. തീരുമാനം അപ്രതീക്ഷിതമായിരുന്നു.എന്നാല്‍, അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ അസാധാരണത്വം ഒട്ടുമില്ലെന്ന് രൂപതയിലെ സഹവൈദികര്‍ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം അതിരൂപതയില്‍ സഹായമെത്രാനായി മാര്‍ ആര്‍.ക്രിസ്തുദാസ് ഉള്ളതിനാല്‍ സ്വാഭാവികമായും അദ്ദേഹമായിരിക്കും മാര്‍ സൂസപാക്യത്തിന്റെ പിന്‍ഗാമി എന്നായിരുന്നു സൂചന. മാര്‍ സൂസപാക്യമാകട്ടെ ഔദ്യോഗികമായ വിരമിക്കലിനു മുമ്പുതന്നെ ചുമതലകള്‍ സഹായമെത്രാനെ ഏല്‍പ്പിച്ച് വിശ്രമജീവിതത്തിലേക്കു മാറിയിരുന്നു. ഇതിനിടെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിനെ സംബന്ധിച്ച ആലോചനകള്‍ ഡല്‍ഹിയിലെ വത്തിക്കാന്റെ അംബാസഡറായ അപ്പസ്തൊലിക് നുനുണ്‍ഷ്യൊ വഴി ആരംഭിച്ചത്.
തിരുവനന്തപുരം അതിരൂപതയുടെ സഫ്രഗന്‍ രൂപതകളായ ആലപ്പുഴ, നെയ്യാറ്റിന്‍കര, പുനലൂര്‍, കൊല്ലം രൂപതാ ബിഷപ്പുമാര്‍ സ്വരൂപതകളില്‍ത്തന്നെ തുടരാനാണ് താത്പര്യമെന്ന് അറിയിച്ചതായാണ് സൂചന. സഹായമെത്രാന്‍ മാര്‍ ക്രിസ്തുദാസിന് രൂപതയുടെ പൂര്‍ണച്ചുമതല നല്‍കി പ്രായത്തില്‍ മുതിര്‍ന്ന വൈദികനെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ആലോചന പ്രബലമായി.
തിരുവനന്തപുരം അതിരൂപതയില്‍നിന്നുള്ള വൈദികന്‍തന്നെ അധ്യക്ഷസ്ഥാനത്തേക്കു കടന്നുവരുന്നതാണ് നല്ലതെന്നും വിലയിരുത്തപ്പെട്ടു. ആ അന്വേഷണമാണ് ഫാ. തോമസ് നെറ്റോയിലേക്കെത്തിയത്. മൂന്നാര്‍ കേന്ദ്രീകരിച്ച് പുതിയ രൂപതയ്ക്കുള്ള സാധ്യത ലത്തീന്‍ സഭ ആരായുന്നുണ്ട്. അതു സാധ്യമായാല്‍ മാര്‍ ക്രിസ്തുദാസ് മൂന്നാര്‍ രൂപതയുടെ ചുമതലയിലേക്കു വന്നേക്കും. പാലക്കാട് സുല്‍ത്താന്‍പേട്ട് രൂപതയുടെ ചുമതലയിലേക്ക് അദ്ദേഹം വരാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
സഭയുടെ ഏഴ് സേവനമേഖലകളുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചുവരുന്ന ഫാ. തോമസ് േെനറ്റാ സഭാ ഭരണത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ചുവരുന്നു. വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമാണെന്നും രൂപതയിലെ വൈദികര്‍ സാക്ഷ്യപ്പെടുത്തുന്നു.
പുതിയതുറയ്ക്ക് അഭിമാനമായി അതിരൂപതയുടെ വലിയ ഇടയന്‍
പൂവാര്‍: പുതിയതുറക്കാര്‍ക്ക് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമായിരുന്നു ബുധനാഴ്ച. നാടിന്റെ സ്വന്തം തോമസ് നെറ്റോ അതിരൂപതയുടെ വലിയ ഇടയന്‍ എന്ന പദവിയിലേക്ക് ഉയര്‍ന്നിരിക്കുന്നതിന്റെ ആഹ്‌ളാദത്തിലായിരുന്നു നാട്ടുകാര്‍. അദ്ദേഹം ജനിച്ചുവളര്‍ന്ന പി.എം.ഹൗസില്‍ സഹോദരന്മാര്‍ ഒത്തുകൂടി സന്തോഷം പങ്കുവെച്ചു. പുതിയതുറ പി.എം.ഹൗസില്‍ ജേസയ്യ നെറ്റോയുടെയും ഇസബെല്ല നെറ്റോയുടെയും നാലാമത്തെ മകനാണ് തോമസ് നെറ്റോ. ഔസേപ്പ് നെറ്റോ, ലോറന്‍സ് നെറ്റോ, സൈമണ്‍ നെറ്റോ, ആന്‍ഡ്രൂസ് നെറ്റോ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
പുതിയതുറ സെന്റ് നിക്കോളാസ് എല്‍.പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ലൂര്‍ദ്പുരം സെന്റ്. ഹെലന്‍സ് സ്‌കൂളില്‍ ഏഴാംക്ലാസുവരെയും തുടര്‍ന്ന് കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ചെറുപ്പംമുതല്‍ സാധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്ന പ്രകൃതമായിരുന്നു തോമസ് നെറ്റോയ്‌ക്കെന്ന് കുംടുംബാംഗങ്ങള്‍ ഓര്‍ക്കുന്നു. മൂത്ത സഹോദരന്റെ ആഗ്രഹ പ്രകാരം വൈദികനാകാനായി സെന്റ് സേവ്യേഴ്സ് കോളേജില്‍ പ്രീഡിഗ്രിയും സെന്റ് വിന്‍സെന്റ് സെമിനാരിയില്‍ ചേരുകയും ഡിഗ്രി പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. നാട്ടുകാര്‍ക്കെല്ലാം സുപരിചതനും എപ്പോഴും സമീപിക്കാവുന്നയാളുമാണ് അദ്ദേഹം. മികച്ച പ്രാസംഗികനായ ആദ്ദേഹം പുതിയതുറ സെന്റ് നിക്കോളാസ് ദേവാലയത്തിലെ ആഘോഷ പരിപാടികളില്‍ മുന്നില്‍ത്തന്നെ കാണും.
ഒരുമിച്ചു മുന്നേറാം -ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
പുതിയ കര്‍മമേഖലയില്‍ പ്രവേശിക്കുമ്പോള്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ച് നിയുക്ത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ. തലസ്ഥാന ജില്ലയാണ് പ്രധാന കര്‍മമണ്ഡലം. പൊതുസമൂഹത്തോടു ചേര്‍ന്ന്, ഇതരമതസ്ഥരെ ആദരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഒന്നിച്ചു മുന്നേറാമെന്നും എല്ലാവരുടെയും സഹകരണവും പ്രാര്‍ഥനയും പ്രതീക്ഷിക്കുന്നുവെന്നും നിയുക്ത ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
Content Highlights: thomas netto is the new arch bishop of latin diocese as soosapakyam steps down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..