എൻ.സി.പി നിർവാഹക സമിതിയംഗം തോമസ് കെ.തോമസ്. | Photo: Screengrab
ആലപ്പുഴ: എല്‍ഡിഎഫ് വിടാനില്ലെന്ന് എന്‍.സി.പി നിര്‍വാഹക സമിതിയംഗം തോമസ് കെ.തോമസ്. പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാലും ഇല്ലെങ്കിലും എല്‍ഡിഎഫ് വിടില്ലെന്ന് തോമസ് കെ.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാലാ സീറ്റിന്റെ പേരില്‍ മാണി സി.കാപ്പന് ഉയര്‍ത്തുന്ന പ്രതിഷേധം എന്‍.സി.പി.യെ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് തോമസ് കെ.തോമസിന്റെ പ്രതികരണം.
എന്‍.സി.പി.യില്‍ ആഭ്യന്തരപ്രശ്നങ്ങള്‍ ഒന്നുമില്ല. അത് മാധ്യമസൃഷ്ടിയാണ്. മാണി സി കാപ്പന് പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം പാലയില്‍ നിന്ന് ജയിച്ചതുകൊണ്ട് പാല വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എല്‍ഡിഎഫ് ആണ്.
നിലവിലെ വിവാദങ്ങള്‍ എന്‍സിപിയെ തകര്‍ക്കാനുളള ലക്ഷ്യത്തോടെയുളളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നല്ലൊരു വിജയത്തെ താറടിച്ച് കാണിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് പുറത്തുളളവര്‍ നടത്തുന്ന ഗൂഢാലോചനയാണിത്. മന്ത്രി എ.കെ.ശശീന്ദ്രനും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റും യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ശക്തമായി ആവര്‍ത്തിച്ചതാണ്.
സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നുളളത് എല്‍.ഡി.എഫിന്റെ നയമാണെന്നും തോമസ് കെ.തോമസ് ചൂണ്ടിക്കാണിച്ചു. എന്തുവന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ബലം കൊടുത്തുകൊണ്ട് അവസാനം വരെ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:Thomas K. Thomas said that he will not leave the LDF
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..