തിരുവനന്തപുരം: സിഎജിയുടെ റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇഡിയ്ക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്നും ധനമന്ത്രി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണിത്. കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെക്കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫ് മാത്രമെയുള്ളു. എന്നാല്‍ ഫൈനല്‍ റിപ്പോര്‍ട്ടില്‍ വന്നത് കരട് റിപ്പോര്‍ട്ടില്‍ ചര്‍ച്ചചെയ്യാത്ത ഭരണഘടനാ സ്ഥാപനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളാണ്. ഇത് നാല് പേജില്‍ വിസ്തരിച്ച് എഴുതിയിരിക്കുകയാണ്.
ഒരു സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായി സിഎജി തന്നെ ഇറങ്ങുകയും അതിനുവേണ്ടി വാര്‍ത്തകള്‍ ചോര്‍ത്തുകയും ചെയ്യുകയാണ്. അടിസ്ഥാനരഹിതമായ വിവാദങ്ങള്‍ കൊണ്ടുവരികയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ സിഎജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞതിനപ്പുറം ഒന്നും ഇടതുപക്ഷ സര്‍ക്കാരും ചെയ്തിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
Content Highlight: Thomas issac press meet