തിരുവനന്തപുരം: നികുതി വെട്ടിപ്പു തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അനാവശ്യ സ്റ്റേകള്‍ ഉടന്‍ ഒഴിവാക്കുമെന്നും വാളയാറിനെ അഴിമതി വിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.  

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. ധവളപത്രത്തിന്റെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ നികുതി വെട്ടിപ്പ് തടയാനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജി.എസ്.ടി. ബില്ലിനോട് എതിര്‍പ്പില്ല, എന്നാല്‍ ഉത്കണ്ഠകള്‍ ഉണ്ടെന്നു പറഞ്ഞ ഡോ. തോമസ് ഐസക് കച്ചവടക്കാര്‍ക്ക് തത്സമയ ബില്‍ അപ്ലോഡിങ്ങിനായി നിയമനിര്‍മാണം നടത്തുന്നതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും  പറഞ്ഞു. 

ആഭ്യന്തര വളര്‍ച്ചയുടെ കുറവു മാത്രമല്ല സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാന്‍ കാരണം മറിച്ച് നികുതി വരുമാന സ്വരൂപണത്തില്‍ കാര്യമായ വീഴ്ചയുണ്ടായി അഴിമതിയും അനാവശ്യ ചിലവുകളുമാണ് നികുതിവരുമാനം ഗണ്യമായി കുറച്ചത്. 

നികുതി പിരിവിലെ പോരായ്മയും വേജ് റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങളും പ്രധാന പോരായ്മകളായി അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച മാത്രമാണ് സംസ്ഥാനത്തുണ്ടായത്. 

കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക, അഴിമതി തടയുക, ബില്ലുകളടക്കം വാങ്ങുന്ന കാര്യങ്ങളില്‍ ഉപഭോക്താക്കളെ കൂടുതലായി ബോധവല്‍കരിക്കുക തുടങ്ങി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ 12 പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി മെട്രോയുടെ മാതൃകയില്‍ വന്‍കിട പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരുമെന്നും അതിന്റെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. 

12608 രൂപയുടെ കുടിശ്ശിക സംസ്ഥാനത്ത് പിരിക്കുവാനുണ്ട്. ഇതില്‍ 7692 കോടി രൂപ മാത്രമാണ് തര്‍ക്കത്തിലുള്ളത് ബാക്കി ആറായിരം കോടിയോളം രൂപ എന്തുകൊണ്ടാണ് ധനവകുപ്പ് പിരിച്ചെടുക്കാത്തത് എന്നതിന് തനിക്ക് മറുപടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശമ്പളത്തിനും പെന്‍ഷനുമായാണ് വരുമാനത്തിലെ നല്ലൊരു ഭാഗവും ചിലവാകുന്നത്. അതുകൊണ്ടുതന്നെ സേവനങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കാനാവില്ല. അതിനാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള വഴികളും അഴിമതി ഇല്ലാതാക്കാനുമുള്ള പദ്ധതികളാണ്‌ തയ്യാറാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.