തിരുവനന്തപുരം: ബജറ്റ് അവതരണത്തിനിടെ പുറത്തായത് രഹസ്യരേഖയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭരണഘടനാ ലംഘനം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം നിയമസഭയില്‍ വിശദീകരണം നല്‍കി. സംഭവം ഔദ്യോഗിക രഹസ്യരേഖാ നിയമ ലംഘനമോ  നിയമസഭയില്‍ സമര്‍പ്പിക്കേണ്ട രേഖകളുമായി ബന്ധപ്പെട്ട നിയമ ലംഘനമോ അല്ലെന്നും  ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കാനിരുന്ന കുറിപ്പ് മാത്രമാണ് ചോര്‍ന്നത്. അതുകൊണ്ട് സര്‍ക്കാരിന് ഒരു തരത്തിലുള്ള നഷ്ടവുമുണ്ടായിട്ടില്ലെന്നും ധനമന്ത്രി അറിയിച്ചു.

ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിച്ചുവെങ്കിലും ധനമന്ത്രി രാജിവെക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് പ്രതിപക്ഷ എം.എല്‍.എമാര്‍. സംഭവത്തില്‍ ധനമന്ത്രിയുടെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് പോവാനും എം.എല്‍.എമാര്‍ തീരുമാനിച്ചു. എന്നാല്‍ ബജറ്റ് ചോര്‍ന്നുവെന്ന് പ്രതിപക്ഷ ആരോപണത്തില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തില്‍ ധനമന്ത്രി കുറ്റക്കാരനല്ല. ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ  പ്രചരിച്ചു. ഇതില്‍ ധനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ സ്പീക്കര്‍ വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതിയും നല്‍കിയില്ല.