തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഇ.ഡിയുടെ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. കേസ് സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ കേരള സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇഡി കിഫ്ബി ഉദ്യോഗസ്ഥരെ മൊഴിയെടുക്കാന്‍ വിളിപ്പിക്കാന്‍ തീരുമാനിച്ചത്. ഇത് രാഷ്ട്രീയ ഇടപെടലും തികച്ചും തെറ്റായ നടപടിക്രമമവുമാണ്. അതിനാല്‍ ഇഡിയുടെ അന്വേഷണത്തെ അനുസരിക്കേണ്ടതില്ലെന്നും ഐസക് പറഞ്ഞു. 

ഇ.ഡി നടപടിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് സര്‍ക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തീര്‍പ്പുണ്ടായ ശേഷമേ ഉദ്യോഗസ്ഥര്‍ ഹാജരാകുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. ലാവലിൻ കേസില്‍ ഇഡി വീണ്ടും നടപടിയിലേക്ക് കടന്നത് ഇഡിയുടെ രാഷ്ട്രീയ ഉദ്ദേശം വ്യക്തമാക്കുന്നതാണെന്നും ഐസക് സൂചിപ്പിച്ചു. 

നിയമവിരുദ്ധമായാണ് ഇ.ഡി പെരുമാറുന്നത്. ബോഡി കോര്‍പ്പററ്റായ കിഫ്ബി വായ്പയെടുക്കുന്നതില്‍ കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും ഐസക് ആവര്‍ത്തിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടിച്ച് ഭീഷണിപ്പെടുത്താമെന്ന് ചിന്തിച്ച് ഇ.ഡി കേരളത്തില്‍ കിടന്ന് കളിക്കേണ്ടെന്നും ഐസക് മുന്നറിയിപ്പ് നല്‍കി.

content highlights: Thomas Isaac statement against ED