തിരുവനന്തപുരം: പാണ്ഡിത്യവും ജനാധിപത്യബോധവും സമന്വയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അരുണ്‍ ജെയ്റ്റ്‌ലിയെന്ന് ധനമന്ത്രി തോമസ് ഐസക്. അനുദിനം ഹിംസാത്മകമാകുന്ന അസഹിഷ്ണുതയുടെ കാലത്ത് ബിജെപിയുടെ നേതൃനിരയില്‍ അരുണ്‍ ജെയ്റ്റ്‌ലി ഒരാശ്വാസമായിരുന്നെന്നും ഫെയ്‌സ്ബുക്കിലെഴിതിയ അനുസ്മരണ കുറിപ്പുല്‍ തോമസ് ഐസക് കുറിച്ചു. 

സമകാലിക ബിജെപി നേതാക്കളില്‍ വ്യത്യസ്തനായിരുന്നു അരുണ്‍ ജെറ്റ്‌ലി. എതിര്‍പ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം എപ്പോഴും ചെവി കൊടുത്തിരുന്നു. അവയ്‌ക്കൊക്കെ ജനാധിപത്യപരമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ജിഎസ്ടി കൌണ്‍സിലില്‍ ഞാന്‍ നേരിട്ടു മനസിലാക്കിയിരുന്നു. പ്രകോപനത്തിന്റെ ആക്രോശം ഒരിക്കല്‍പ്പോലും ആ നാവില്‍നിന്ന് രാജ്യം കേട്ടിട്ടില്ല. 

സീതാറാം യെച്ചൂരിയുടെയും പി രാജീവിന്റെയും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെ എത്ര ഔന്നിത്യത്തിലാണ് അദ്ദേഹം കണ്ടത് എന്ന് രാജ്യസഭയില്‍ നിന്ന് അവര്‍ പിരിഞ്ഞപ്പോള്‍ നടത്തിയ പ്രസംഗങ്ങളില്‍ രാജ്യം ദര്‍ശിച്ചു. ജിഎസ്ടി നടപ്പിലാക്കിയപ്പോഴും രാഷ്ട്രീയഭൂരിപക്ഷത്തിന്റെ അംഗബലത്തിലല്ല അദ്ദേഹം വിശ്വസിച്ചത്. പല ബിജെപി നേതാക്കളുടെയും താല്‍പര്യത്തിനു വിരുദ്ധമായ തീരുമാനമായിരുന്നു ജിഎസ്ടി കൌണ്‍സില്‍ കൈക്കൊണ്ടത്. 

ജെയ്റ്റ്‌ലിയെപ്പോലെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ക്കും ചെവി കൊടുക്കുന്ന ഒരു നയതന്ത്രജ്ഞന്റെ സാന്നിധ്യം രാജ്യം ഏറെ കൊതിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ആ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും തോമസ് ഐസക് കുറിച്ചു.

content highlights: Thomas Isaac, Arun Jaitley, BJP, CPIM